തട്ടിപ്പ് നടത്തുന്ന ജീവനക്കാരുടെ സ്വത്ത് മരവിപ്പിക്കാൻ നിയമം:മന്ത്രി വാസവൻ

Friday 30 July 2021 12:00 AM IST

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന് ഉത്തരവാദികളെന്ന് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടാവുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. നിക്ഷേപകരുടെയും ഇടപാടുകാരുടെയും ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കും. മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ സഹായത്തോടെ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി മൂന്നാഴ്ചയ്ക്കകം സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും ദ്രുതപരിശോധന നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ സത്വര നടപടി സ്വീകരിക്കാൻ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ വിജിലൻസിന് സംഘങ്ങളിൽ നേരിട്ടു പരിശോധന നടത്തുന്നതിനും ക്രമക്കേടുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനും അധികാരം നൽകുന്ന വിധത്തിൽ സഹകരണ നിയമത്തിലും സി. ആർ. പി. സിയിലും ഭേദഗതി വരുത്തും.നിയമത്തിന്റെ കരട് രണ്ടുമാസത്തിനുള്ളിൽ അംഗീകാരത്തിന് ലഭ്യമാക്കും. കുറ്റക്കാരുടെ സ്ഥാവരജംഗമ വസ്തുക്കൾ നിയമപരമായി മരവിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും പുതിയ വകുപ്പുകൾ സഹകരണ നിയമത്തിൽ കൂട്ടിച്ചേർക്കും.

സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പുകൾ, സ്വർണ പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യും. ഇത് പൊലീസിനോ മറ്റു അന്വേഷണ ഏജൻസികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിനായി സഹകരണ സംഘം നിയമത്തിലെ 65, 66 വകുപ്പുകൾ ഭേദഗതി ചെയ്യും.
250 കോടിക്കു മേൽ പ്രവർത്തന മൂലധനള്ള സംഘങ്ങളെ ഒരു ഗ്രൂപ്പാക്കി മൂന്ന് ഓഡിറ്റർമാർ അടങ്ങുന്ന സംഘം കണക്കുകൾ പരിശോധിക്കും. മേൽനോട്ടം ജില്ലാതല ജോയിന്റ് ഡയറക്ടർമാർ, അസി. ഡയറക്ടർമാർ എന്നിവർക്കായിരിക്കും.

ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സസ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

Advertisement
Advertisement