ലാബുകൾ നോക്കുകുത്തി എപ്പോൾ വരും ടെക്‌നിഷ്യന്മാർ ?

Friday 30 July 2021 12:52 AM IST

കോഴിക്കോട്: കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ലാബ് ടെക്‌നിഷ്യന്മാരുടെ നിയമനം വൈകുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനവും താളം തെറ്റുന്നു.

പിടിവിടാതെ കൊവിഡ് വ്യാപനം തുടരുമ്പോൾ ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതേസമയം, ലാബുകളിലാവട്ടെ ആവശ്യത്തിന് ടെക്‌നിഷ്യന്മാരില്ല. ഇത് പരിശോധനയെന്ന പോലെ റിസൽറ്റും വെെകാനിടയാക്കുകയാണ്.

സംസ്ഥാനത്തെ മൂന്നൂറിൽപരം വരുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നല്ലൊരു പങ്കിലും ലാബ് ടെക്‌നിഷ്യൻ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കോഴിക്കോട് ജില്ലയിൽ അഴിയൂർ, ചോറോട്, മണിയൂർ, പുറമേരി, വേളം, കുണ്ടതോട്, തൂണേരി, പെരുമണ്ണാമുഴി, ചങ്ങരോത്ത്, ആവള, കൂത്താളി, അത്തോളി, കായണ്ണ, കൂരാച്ചുണ്ട്, നടുവണ്ണൂർ, പനങ്ങാട്, കക്കയം, വയലട, എരമംഗലം, ചൂലൂർ, പെരുവയൽ, കിഴക്കോത്ത്, മാവൂർ, കാരശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, തിരുവമ്പാടി, കാക്കൂർ, കുരുവട്ടൂർ, കൊളത്തൂർ, ചാലിയം, നല്ലളം എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇനിയും ലാബ് ടെക്‌നിഷ്യന്മാരെ നിയമിച്ചിട്ടില്ല. ഇവിടങ്ങളിലെല്ലാം താത്കാലികക്കാരാണുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും മറ്റിടങ്ങളിൽ നല്ല ജോലി കിട്ടുന്നതോടെ വിട്ടുപോവുകയാണ്.

സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ചുരുങ്ങിയത് 2 ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കണമെന്ന് 2008 നവംബർ ആറിന് ഇറക്കിയ ഉത്തരവിലുണ്ട്. എന്നാൽ, പലയിടത്തും ഒരാൾ മാത്രമേയുള്ളൂ. ഇതുകാരണം ലാബിന്റെ പ്രവർത്തനം ഉച്ചയോടെ നിറുത്തുകയാണ്. മിക്കയിടത്തും ആശുപത്രി വികസന സമിതി താത്കാലികമായി നിയമിക്കുന്ന ടെക്‌നിഷ്യനെ വെച്ചാണ് ലാബിന്റെ പ്രവർത്തനം ഉന്തിനീക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലുമായി സംസ്ഥാനതലത്തിൽ 1445 ലാബ് ടെക്‌നിഷ്യന്മാർ മാത്രമാണുള്ളത്. പുതുതായി 1200 തസ്തിക സൃഷ്ടിക്കാൻ തീരുമാനമെടുത്തെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ചിലയിടങ്ങളിൽ ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ടെക്‌നിഷ്യന്മാരില്ലാത്തതിനാൽ ഈ സജ്ജീകരണങ്ങളെല്ലാം വെറുതെ. പതിവായി ഉപയോഗിച്ചില്ലെങ്കിൽ ഉപകരണങ്ങൾ മിക്കതും നശിക്കുമെന്ന് അധികൃതർ തന്നെ പറയുന്നു

Advertisement
Advertisement