കഥാകൃത്ത് തോമസ് ജോസഫ് നിര്യാതനായി

Friday 30 July 2021 12:06 AM IST

ആലുവ: പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമായി കിടപ്പിലായിരുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായ തോമസ് ജോസഫ് (66) നിര്യാതനായി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കീഴ്മാട് സൊസൈറ്റിപ്പടിയിൽ വാടയ്‌ക്കൽ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി സഭാ സെമിത്തേരിയിൽ.

ഭാര്യ: റോസിലി. മക്കൾ: ദീപ്തി മരിയ, ജെസ്സെ (ദീപക്). മരുമക്കൾ: പ്രിൻസ്, ദിൽനു.

'മരിച്ചവർ സിനിമ കാണുകയാണ്' എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം, 2009ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടി. നോവൽ വായനക്കാരൻ, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പരലോക വാസസ്ഥലങ്ങൾ, പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പൽ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ എന്നിവ പ്രധാന കൃതികളാണ്. 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവൽ രോഗാവസ്ഥയിൽ കിടക്കുമ്പോഴാണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.
ചന്ദ്രിക, ഇന്ത്യൻ എക്‌‌സ്‌പ്രസ് പത്രങ്ങളിൽ പ്രൂഫ് റീഡറും ലൈബ്രേറിയനുമായി ജോലി ചെയ്തു. ഏലൂരിൽ ജനിച്ച തോമസ് ജോസഫ് വർഷങ്ങളോളം മുപ്പത്തടത്ത് താമസിച്ചു. 18 വർഷം മുമ്പാണ് കീഴ്മാട് സൊസൈറ്റിപ്പടിയിൽ താമസമാരംഭിച്ചത്. ആകെ സമ്പാദ്യമായ കീഴ്മാടുള്ള 10 സെന്റും വീടും ഈടു നൽകി വായ്പയെടുത്തിരുന്നു. 2018 സെപ്തംബർ 15നാണ് അബോധാവസ്ഥയിലായത്. തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുവശം പൂർണമായും തളർന്നു. ഭാര്യയുടെ ഇ.എസ്.ഐ ആനുകൂല്യങ്ങൾ ഉപയോഗിച്ചും സുഹൃത്തുകളുടെയും എഴുത്തുകാരുടെയും കൂട്ടായ്മകൾ രൂപീകരിച്ചും സർക്കാർസഹായം തേടിയുമാണ് ചികിത്സ നടത്തിയിരുന്നത്. സുഹൃത്തുക്കളുടെ പുസ്തകങ്ങൾ വിറ്റുകിട്ടിയ തുകയും ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു.

Advertisement
Advertisement