ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് മലയാളികൾ

Friday 30 July 2021 1:37 AM IST

ട്വന്റി-20 പരമ്പര തോറ്റ് ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20യിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത് മൂന്ന് മലയാളികൾ. കഴിഞ്ഞ മത്സരങ്ങളിലും കളിച്ച സഞ്ജു സാംസണും ദേവ് ദത്ത് പടിക്കലിനുമൊപ്പം ഇന്നലെ പേസർ സന്ദീപ് വാര്യരും കൂടി അരങ്ങേറി. അമ്മ വിമലയുടെ സ്വദേശം മാവേലിക്കരയിലായതിനാൽ സ്പിന്നർ വരുൺ ചക്രവർത്തിയെ പാതി മലയാളിയായും കൂട്ടാം.എന്നാൽ ഇന്ത്യയ്ക്ക് മത്സരം ജയിക്കാനോ പരമ്പര സ്വന്തമാക്കാനോ കഴിഞ്ഞില്ല.വെറും 82 റൺസിന്റെ ലക്ഷ്യം 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ മറികടക്കുകയായിരുന്നു ലങ്ക. രണ്ടാം ട്വന്റി-20യും ജയിച്ചിരുന്ന ആതിഥേയർ പരമ്പര 2-1ന് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് അവസാനമാവുകയും ചെയ്തു.

കളിക്കളത്തിൽ ഇന്ത്യയുടെ ബാറ്രിംഗ് വീണ്ടും മോശമാവുകയായിരുന്നു.ആദ്യം ബാറ്ര് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജുവും (0), പടിക്കലും (9) ഉൾപ്പടെയുള്ളവർ നിരാശപ്പെടുത്തി.ശ്രീലങ്കയ്ക്കായി ഹസരങ്ക 4 വിക്കറ്റും ഷനാക രണ്ട് വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ ക്രുനാലിന് കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കത്തിലുണ്ടായിരുന്ന താരങ്ങൾ ഐസൊലേഷനിൽ പോയതിനാലുമാണ് ഇത്രയും മലയാളികൾക്ക് ഒന്നിച്ച് ഒരുകളിയിൽ ഇന്ത്യൻൻ ജേഴ്സിയിൽ ഇറങ്ങാൻ അവസരം ലഭിച്ചത്.