ക്വാർട്ടറിൽ സിന്ധുവിനെ കാത്ത് യമാഗുച്ചി

Friday 30 July 2021 1:59 AM IST

ടോക്യോ: റിയോയിലെ വെള്ളി ടോക്യോയിൽ സ്വർണമാക്കാനെത്തിയ ബാഡ്മിന്റണിലെ ഇന്ത്യൻ എയ്സ് പി.വി സിന്ധുവിന് രണ്ട് ജയങ്ങൾക്കപ്പുറം ടോക്യോയിൽ മെഡലുറപ്പാണ്. എന്നാൽ അതിനിടയിലെ ആദ്യ വെല്ലുവിളിയായി ക്വാർട്ടറിൽ കാത്തിരിക്കുന്നത് റാങ്കിംഗിൽ മുന്നിലുള്ള ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ്. പ്രീക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ കിം ഗാ ഉനെ കീഴടക്കിയാണ് യാമഗുച്ചി അവസാന എട്ടിൽ ഇടം നേടിയത്.

പ്രീക്വാർട്ടർ പടയോട്ടം

പ്രീക്വാർട്ടറിൽ മിയാ ബ്ലിച്ഫെൽറ്റിനെതിരെ നേരിട്ടുള്ള ഗെയിമുകളിൽ 21-15, 21-13നായിരുന്നു സിന്ധുവിന്റെ ജയം. കഴിഞ്ഞ മത്സരങ്ങളുടെയത്ര അനായാസമല്ലായിരുന്നു സിന്ധുവിന് ഇന്നലത്തെ മത്സരം. ഏഴാം റാങ്കുകാരിയായ സിന്ധുവിനെതിരെ ഇടയ്ക്ക് ചെറിയ വെല്ലുവിളി ഉയർത്താൻ 12-ാം റാങ്കുകാരിയായ മിയക്കായി.

ആദ്യ ഗെയിമിൽ 2-0ത്തിന് തുടക്കത്തിൽ ലീഡ് ചെയ്ത മിയയെ താളം വീണ്ടെടുത്ത സിന്ധു പിന്നീട് മറികടന്ന് മുന്നേറി. 13-6 എന്ന നിലയിൽ ലീഡെടുത്ത സിന്ധുവിനെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായി 5 പോയിന്റ് നേടിക്കൊണ്ട് 11-13 എന്നനിലയിൽ മിയ തൊട്ടരികിലെത്തി. എന്നാൽ പിന്നീട് പിഴവില്ലാതെ മുന്നേറിയ സിന്ധു 21-15ന് ആദ്യഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ തുടക്കം മുതൽ ലീഡെടുത്ത് മുന്നേറിയ സിന്ധു എതിരാളിക്ക് വലിയ അവസരങ്ങൾ നൽകാതെ 21-13ന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.മത്സരം 40 മിനിട്ടിൽ അവസാനിച്ചു.

സിന്ധുവും യമാഗുച്ചിയും തമ്മിൽ

നിലവിൽ അഞ്ചാംറാങ്കുകാരിയാണ് യമാഗുച്ചി. നേരത്തേ ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്. സിന്ധു ഏഴാം റാങ്കുകാരിയും.

5അടി 10 ഇഞ്ചുകാരിയായ സിന്ധുവിനേക്കാൾ ഉയരം കുറവാണ് യമാഗുച്ചിക്കെങ്കിലും (5അടി 1 ഇഞ്ച്) അതിവേഗ റിഫ്ലക്‌സുകളും കരുത്തുറ്റ ഷോട്ടുകളുമായി എതിരാളിയെ തറപറ്രിക്കാൻ മിടുക്കിയാണ്.

സിന്ധുവും യമാഗുച്ചിയും തമ്മിൽ ഇതുവരെ 18 മത്സരങ്ങളിൽ ഏറ്രുമുട്ടിയിട്ടുണ്ട്. ഇതിൽ പതിനൊന്ന് തവണയും ജയം നേടാൻ സിന്ധുവിനായി. കഴിഞ്ഞ മാർച്ചിൽ ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലാണ് ഇരുവരും അവസാനമായി ഏറ്രുമുട്ടിയത്. അന്ന് സിന്ധുവിനായിരുന്നു വിജയം.

ഇന്ന് ഉച്ചയ്ക്ക് 1.15നാണ് ക്വാർട്ടർ ഫൈനൽ തുടങ്ങുന്നത്.

Advertisement
Advertisement