സ്വർണാഭരണങ്ങൾക്ക് മിന്നുന്ന ഡിമാൻഡ്

Friday 30 July 2021 3:01 AM IST

 ഇന്ത്യയിൽ 25 ശതമാനവും ആഗോളതലത്തിൽ 60 ശതമാനവും വളർച്ച

കൊച്ചി: ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ ആഗോളതലത്തിൽ സ്വർണാഭരണ ഡിമാൻഡ് 60 ശതമാനവും ഇന്ത്യയിൽ 25 ശതമാനവും ഉയർന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. കൊവിഡ് താണ്ഡവമാടിയ 2020ലെ സമാനപാദത്തിൽ ആഗോള ഡിമാൻഡ് 244.5 ടണ്ണായിരുന്നു; ഇത്തവണയത് 390.7 ടണ്ണിലെത്തി. ഇന്ത്യയിലെ ആവശ്യകത 44 ടണ്ണിൽ നിന്നുയർന്ന് 55.1 ടണ്ണായി.

അതേസമയം, കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് ഡിമാൻഡ് ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. 2020 ജനുവരി-ജൂണിൽ ഡിമാൻഡ് 873.7 ടണ്ണാണ്. 2015-19ലെ ശരാശരിയേക്കാൾ 17 ശതമാനം കുറവാണിത്.

10%

2020 ജനുവരി-ജൂണിൽ മൊത്തം സ്വർണ ഡിമാൻഡ് ആഗോളതലത്തിൽ 10 ശതമാനം കുറഞ്ഞ് 1833 ടണ്ണിലെത്തി.

19.2%

ഇന്ത്യയിലെ മൊത്തം സ്വർണ ഡിമാൻഡ് ഏപ്രിൽ-ജൂണിൽ 19.2 ശതമാനം മെച്ചപ്പെട്ട് 76.1 ടണ്ണായി.

₹32,810 കോടി

കഴിഞ്ഞപാദത്തിൽ ഇന്ത്യയിലെ സ്വർണഡിമാൻഡ് മൂല്യം 26,600 കോടി രൂപയിൽ നിന്ന് 23 ശതമാനം ഉയർന്ന് 32,810 കോടി രൂപയിലെത്തി.

₹23,750 കോടി

ഇന്ത്യയിലെ ആഭരണ ഡിമാൻഡ് മൂല്യത്തിലെ വളർച്ച 29 ശതമാനം. 18,350 കോടി രൂപയിൽ നിന്ന് 23,750 കോടി രൂപയിലേക്കാണ് വളർച്ച.

6%

സ്വർണനിക്ഷേപത്തിലെ വളർച്ച ആറു ശതമാനം. അളവ് 21 ടൺ, മൂല്യം 10 ശതമാനം ഉയർന്ന് 9,060 കോടി രൂപ.

കേന്ദ്ര ബാങ്കിന്റെ പൊന്ന്

(2021 ജനുവരി-ജൂണിൽ ഏറ്റവുവധികം സ്വർണം വാങ്ങിക്കൂട്ടിയ അഞ്ച് കേന്ദ്ര ബാങ്കുകൾ - അളവ് ടണ്ണിൽ)

1. തായ്‌ലൻഡ് : 90.2

2. ഹംഗറി : 60

3. ബ്രസീൽ : 53.7

4. ഇന്ത്യ : 29

5. ഉസ്‌ബെക്കിസ്ഥാൻ : 25.5