ധനലക്ഷ്‌മി ബാങ്കിന്റെ ലാഭം 11.5 ശതമാനം ഉയർന്നു

Friday 30 July 2021 2:17 AM IST

തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ധനലക്ഷ്‌മി ബാങ്കിന്റെ ലാഭം 2020ലെ സമാനപാദത്തിലെ 6.09 കോടി രൂപയിൽ നിന്ന് 11.5 ശതമാനം ഉയർന്ന് 6.79 കോടി രൂപയിലെത്തി. 8.89 കോടി രൂപയാണ് പ്രവർത്തനലാഭം. മൊത്തം ബിസിനസ് 4.08 ശതമാനം ഉയർന്ന് 18,575 കോടി രൂപയായി. 11,658 കോടി രൂപയാണ് മൊത്തം നിക്ഷേപം; വർദ്ധന 4.94 ശതമാനം. മൊത്തം നിക്ഷേപത്തിലെ 33.10 ശതമാനമായ കറന്റ് അക്കൗണ്ട്/സേവിംഗ്‌സ് നിക്ഷേപത്തിൽ 15.61 ശതമാനമാണ് വളർച്ച.

വായ്‌പകൾ 14.57 ശതമാനം വർദ്ധിച്ച് 6,917 കോടി രൂപയിലെത്തി. റീട്ടെയിൽ ബാങ്കിംഗ് വരുമാനം 7.9 ശതമാനം മെച്ചപ്പെട്ട് 107.36 കോടി രൂപയായി. മൂലധന പര്യാപ്‌തതാ അനുപാതം 14.57 ശതമാനമായി ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 6.89 ശതമാനത്തിൽ നിന്ന് 9.27 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.18 ശതമാനത്തിൽ നിന്ന് 4.58 ശതമാനത്തിലേക്കും എത്തി. അതേസമയം, കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 37.02 കോടി രൂപയിൽ നിന്ന് 2.10 കോടി രൂപയായി താഴ്‌ന്നത് മികച്ച ലാഭം നേടാൻ ബാങ്കിനെ സഹായിച്ചു.

സ്വർണപ്പണയ വായ്‌പകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ വായ്‌പ, കറന്റ്/സേവിംഗ്‌സ് അക്കൗണ്ട് റീട്ടെയിൽ നിക്ഷേപം, പലിശയിതര വരുമാന വർദ്ധന, കിട്ടാക്കടം തിരിച്ചുപിടിക്കൽ എന്നിവയിലാണ് ബാങ്ക് ഈ വർഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.