കേരളാ ടൂറിസം തിരിച്ചുവരവിന് ഒരുങ്ങുന്നു: മന്ത്രി മുഹമ്മദ് റിയാസ്

Friday 30 July 2021 2:24 AM IST

തിരുവനന്തപുരം: പരിമിതികളെ കൂട്ടായ്മയുടെ ഇച്ഛാശക്തിയോടെ നേരിട്ട് അതിശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കേരളാ ടൂറിസമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ ടൂറിസം മേഖലയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ ടൂറിസം സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വാക്സിനേഷൻ പൂർത്തിയാക്കി ഘട്ടംഘട്ടമായി ടൂറിസംമേഖല തുറക്കും. വകുപ്പ് പുറത്തിറക്കുന്ന ടൂറിസം മൊബൈൽ ആപ്പും കരുത്താകും. വലുപ്പചെറുപ്പമില്ലാതെ ടൂറിസം മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും എല്ലാവർക്കും ടൂറിസം എന്നതാണ് നയമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധികളെ തരണം ചെയ്യാനുതകുന്ന ക്രിയാത്മക നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കേണ്ടവയിൽ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നും ഉറപ്പുനൽകി. യോഗത്തിൽ 24 സംഘടനകളുടെ പ്രതിനിധികൾ, ടൂറിസം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു, ടൂറിസം ഡയറക്ടർ കൃഷ്ണതേജാ തുടങ്ങിയവർ പങ്കെടുത്തു.