പാളത്തിൽ കണ്ടത് സ്ഫോടക വസ്തുവല്ല, കല്യാണ ആഘോഷത്തിന് കൊണ്ടുവന്ന വെറും പടക്കങ്ങൾ
Friday 30 July 2021 1:51 PM IST
കോഴിക്കോട്: കല്ലായിയിലെ റെയിൽവേ പാളത്തിൽ കണ്ടെത്തിയത് സ്ഫോടക വസ്തുവല്ലെന്നും സമീപത്തെ വീട്ടിൽ വിവാഹ ആഘോഷങ്ങൾക്കായി എത്തിച്ച പടക്കമായിരുന്നു എന്നും പൊലീസ്. പരിശോധനയിൽ വീടിന് സമീപത്തെ പറമ്പിൽ നിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്ക ഒഴിഞ്ഞത്. വീട്ടുടമസ്ഥനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അട്ടിമറി സാദ്ധ്യതയില്ലെന്ന് സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞു.
ഇന്ന് രാവിലെയാണ് റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെന്ന വിവരം പുറത്തുവന്നത്. പാളം പരിശോധിക്കാൻ എത്തിയ റെയിൽവേ ജീവനക്കാരാണ് കണ്ടത്. തുടർന്ന് അവർ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറും ആർ പി എഫ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.