ജനങ്ങൾ ബുദ്ധിമുട്ടുന്നു,​ ലോക്ക്‌ഡൗൺ ഇളവിൽ ഉടൻ തീരുമാനം വേണം ,​ ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

Friday 30 July 2021 9:02 PM IST

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവിൽ ഉടനെ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തിൽ ആവശ്യപ്പെട്ടു ബുധനാഴ്ചക്കുള്ളിൽ പഠിച്ച് റിപ്പോർട്ട്‌ നൽകാൻ നിർദേശം നല്‍കി. വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ദ്ധ സമിതിക്കും മുഖ്യമന്ത്രി നിർദേശം നല്‍കി.

ലോക്ക്ഡൗണ്‍ തുടർന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ല ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിർദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടി.പി.ആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തിൽ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.