'ഒരു ഭീകരവാദി എങ്ങനെയാണ് ഒന്നാം സ്ഥാനം നേടുക?'; ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാനിയന്‍ താരത്തിനെതിരെ പ്രതിഷേധം

Friday 30 July 2021 10:08 PM IST

ടോക്കിയോ: പത്ത് മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ് കോർപ്സ് (ഐ.ആര്‍.ജി.സി) അം​ഗത്തിന് മത്സരിക്കാൻ അനുമതി നൽകിയ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിക്കെതിരെ പ്രതിഷേധം. ഈ ഇനത്തിൽ സ്വർണം നേടിയ ഇറാൻ താരം ജവാദ് ഫാറൂഖിക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ അനുമതി നൽകിയതിനെ വിമർശിച്ച് കൊറിയയുടെ ഷൂട്ടിം​ഗ് താരം ജിം​ഗ് ജോം​ഗ് ഓഹ് രംഗത്തെത്തി. ഒരു ഭീകരവാദി എങ്ങനെയാണ് ഒന്നാം സ്ഥാനം നേടുക. ഇത് ഏറ്റവും അസംബന്ധവും പരിഹാസ്യവുമായ കാര്യമാണെന്നും ജിം​ഗ് ജോം​ഗ് വിമർശിച്ചു.

2019ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഐ.ആര്‍.ജി.സി. ഫാറൂഖി വര്‍ഷങ്ങളായി ഐ.ആര്‍.ജി.സിയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനാണ് ഇതെന്നുമുളള വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒളിമ്പിക്സ് കമ്മിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആറുതവണ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കിയ ജിം​ഗ് ജോം​ഗ് ജാവാദ് ഫാറൂഖിയെ മത്സരിക്കാൻ അനുവദിച്ചത് അംസംബന്ധമാണെന്ന് പ്രതികരിച്ചതായി കൊറിയൻ ടെെംസ് റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച് തൂക്കിലേറ്റിയ ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്ന യുണെെറ്റ‍് ഫോർ നവീദ് എന്ന കാമ്പയിൻ ​ഗ്രൂപ്പും ഇതിനെതിരെ രംഗത്തെത്തി. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എത്രയും വേഗത്തില്‍ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിൽ പരാജയപ്പെട്ടാൽ തീവ്രവാദവും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഒളിമ്പിക്സ് കമ്മിറ്റിയും പങ്കാളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫാറൂഖിക്ക് ഒളിമ്പിക്സ് മെഡൽ നൽകുന്നത് ഇറാൻ കായിക രം​ഗത്തിന് മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തിനും ഒളിമ്പിക്സ് കമ്മിറ്റിക്കും മഹാവിപത്താണെന്ന് ഇവർ പറയുന്നു. 41കാരനായ ഫാറൂഖി ഒരു തീവ്രവാദ സംഘടനയുടെ നിലവിലുളളതും ദി‌ർഘകാലവുമായ അംഗവുമാണെന്നും അവർ പ്രതികരിച്ചു. 2013 മുതല്‍ 2015 വരെ സിറിയയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച ഫാറൂഖി സ്വര്‍ണം കഴുത്തിലണിഞ്ഞപ്പോള്‍ മിലിട്ടറി സല്യൂട്ട് അടിച്ചിരുന്നു. സിറിയയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒഴിഞ്ഞ ഹാളില്‍ നിന്നാണ് ഷൂട്ടിം​ഗ് പഠിച്ചതെന്നും അതിനു മുമ്പ് ഒരു പിസ്റ്റള്‍ പോലും കണ്ടിരുന്നില്ലെന്നും ഒളിമ്പിക്‌സിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയൻ താരം പറഞ്ഞിരുന്നു.