ലോക്ക് ഡൗൺ രീതിയിൽ മാറ്റം വന്നേക്കും, റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക് ഡൗൺ രീതിയിൽ മാറ്റം വരുത്തണമോയെന്ന് പരിശോധിച്ച് ബുധനാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാകും റിപ്പോർട്ട് തയ്യാറാക്കുക. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണം ശക്തിപ്പെടുത്തും. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആർ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതിൽ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ട്.
ടൂറിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കാൻ പാടില്ലെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പാടില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണം.
ആഴ്ചയിൽ 25 ലക്ഷം ഡോസ് എന്ന നിലയിൽ പ്രതിമാസം ഒരു കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ട്. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം കൊടുക്കാനായി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ വാക്സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കും. കേന്ദ്രം സഹായിച്ചാൽ ഒരുമാസത്തിനുള്ളിൽ കേരളത്തിലെല്ലാവർക്കും വാക്സിൻ എത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.