ബോക്സിംഗ് മെഡലുറപ്പിച്ചു , ലവ്‌ലിനാ ലവ്‌ലീ...

Friday 30 July 2021 11:52 PM IST

പി.വി. സിന്ധു സെമിയിൽ

ടോക്യോ : മീരാഭായ് ചാനുവിന്റെ വെള്ളിക്ക് പിന്നാലെ ഒരു മെഡൽ കൂടി ടോക്യോയിൽ ഉറപ്പിച്ച് ഇന്ത്യ. ഇന്നലെ വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ മുൻ ലോകചാമ്പ്യനായ ചെെനീസ് തായ്പേയ് താരം നിയെൻ ചിൻ ചെന്നിനെ 4-1ന് കീഴടക്കി ലവ‌്ലിനയാണ് മെഡൽ ഉറപ്പാക്കിയത്. നാലാം തീയതി നടക്കുന്ന സെമിയിൽ മറ്റൊരു മുൻ ലോകചാമ്പ്യൻ തുർക്കിയുടെ സുമനേലിയാണ് എതിരാളി.

വിജന്ദേർ സിംഗിനും എം.സി. മേരികോമിനും ശേഷം ബോക്സിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യൻ താരമാകാൻ ഒരുങ്ങുകയാണ് ലവ്‌ലിന. ബോക്സിംഗ് സെമിയിൽ പരാജയപ്പെടുന്നവർക്കും വെങ്കല മെഡൽ ലഭിക്കും.

ജപ്പാൻകാരി അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് സെമിയിലെത്തിയ ബാഡ്മിന്റൺ താരം പി.വി. സിന്ധു സ്വർണ പ്രതീക്ഷ നൽകി മുന്നേറുകയാണ്. 21-13, 22-20 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഇന്ന് വൈകിട്ട് 3.20ന് നടക്കുന്ന സെമിയിൽ ചൈനീസ് തായ്പേയ് താരം തായ് സു ഇംഗിനെ സിന്ധു നേരിടും.

ആർച്ചറിയിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഇന്നലെ പ്രീക്വാർട്ടറിൽ സീനിയ പെറോവയെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയെങ്കിലും അവിടെ ദക്ഷിണകൊറിയയുടെ ആൻ സാനിനോട് തോറ്റതോടെ മെഡലണിയാതെ പുറത്തായി. ദീപികയുടെ ഭർത്താവ് അതാനു ദാസ് ഇന്ന് പ്രീ ക്വാർട്ടറിന് ഇറങ്ങുന്നുണ്ട്.

  • വനിതാഹോക്കിയിൽ ഇന്നലെ ഇന്ത്യ അയർലൻഡിനെ 1-0ത്തിന് തോൽപ്പിച്ച് ക്വാർട്ടർ സാദ്ധ്യത നിലനിറുത്തി. നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്ന പുരുഷ ടീം അവസാന പൂൾ മത്സരത്തിൽ ജപ്പാനെ 5-3ന് കീഴടക്കിയിരുന്നു
  • അത്‌ലറ്റിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെ ഹീറ്റ്സിൽ ദേശീയ റെക്കാഡോടെ ഫിനിഷ് ചെയ്തിട്ടും സെമിയിലെത്താൻ കഴിഞ്ഞില്ല. മലയാളി താരം എം.പി. ജാബിർ 400 മീറ്റർ ഹർഡിൽസിലും വനിതാതാരം ദ്യുതിചന്ദ് 100 മീറ്റർ ഹീറ്റ്സിലും പുറത്തായി
  • എത്യോപ്യയുടെ സെലെമോൻ ബരേഗ അത്‌ലറ്റിക്സിലെ ആദ്യ സ്വർണം (10000 മീറ്ററിൽ ) സ്വന്തമാക്കി
  • ഗോൾഡൻ സ്ളാം മോഹവുമായെത്തിയ നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവ് അട്ടിമറിച്ചു
Advertisement
Advertisement