വി-ഗാർഡിന്റെ വരുമാനം 38 ശതമാനം ഉയർന്നു

Saturday 31 July 2021 3:00 AM IST

 ഒന്നാംപാദ ലാഭവളർച്ച 602 ശതമാനം

കൊച്ചി: പ്രമുഖ ഇലക്‌ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ - ജൂണിലെ വരുമാനത്തിൽ 38 ശതമാനം വളർച്ച നേടി. മുൻവർഷത്തെ സമാനപാദത്തിലെ 408 കോടി രൂപയിൽ നിന്ന് 565.2 കോടി രൂപയിലേക്കാണ് പ്രവർത്തനവരുമാനം ഉയർന്നത്. ലാഭം 3.2 കോടി രൂപയിൽ നിന്ന് 602 ശതമാനം മുന്നേറി 25.5 കോടി രൂപയിലെത്തി.

കൊവിഡ് രണ്ടാംതരംഗം വിപണിയെയും ഉപഭോക്തൃ ഡിമാൻഡിനെയും സാരമായി ബാധിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ലോക്ക്ഡൗണിൽ സിക്കിമിലെ നിർമ്മാണ യൂണിറ്റ് പോലും അടയ്ക്കേണ്ടിവന്നു. ഈ സാഹചര്യത്തിലും വി-ഗാർഡിന്റെ ഇലക്‌ട്രിക്കൽ, ഡ്യൂറബിൾസ് വിഭാഗം മികച്ച പ്രകടനം നടത്തി. അസംസ്കൃത വസ്‌തുക്കളുടെ വില വർദ്ധന കഴിഞ്ഞമാസങ്ങളിൽ വെല്ലുവിളിയായി. ഇതു വലിയൊരളവിൽ മറികടക്കാൻ കഴിഞ്ഞെങ്കിലും ഉത്പന്നവിലകളിൽ ഇതുണ്ടാക്കുന്ന സമ്മർദ്ദം തുടർന്നേക്കും. അടുത്തപാദങ്ങളിൽ വിപണി കരകയറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.