സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം: തിരുവനന്തപുരം ഒന്നാമത്

Saturday 31 July 2021 12:38 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിൽ മേഖല തിരിച്ചുള്ള വിജയശതമാനക്കണക്കിൽ തുടർച്ചയായി നാലാം തവണയും തിരുവനന്തപുരം മേഖല
ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം വിജയശതമാനത്തിലും വർദ്ധന (99.89). കഴിഞ്ഞ തവണ വിജയശതമാനം 97.67. ഡൽഹി വെസ്റ്റ്, ഡൽഹി ഈസ്റ്റ് (99.84), ബംഗളൂരു (99.83) എന്നീ മേഖലകളാണ് തൊട്ടു പിറകിൽ. പാറ്റ്നയാണ് ഏറ്റവും പിന്നിൽ (98.91). ദേശീയ തലത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾക്കും സെൻട്രൽ ടിബറ്റൻ സ്‌കൂൾ അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള സ്കൂളുകൾക്കും വിജയം 100 ശതമാനം. നവോദയ സ്‌കൂളുകൾക്ക് 99.94%, സർക്കാർ സി.ബി.എസ്.ഇ സ്‌കൂളുകൾ 99.72% എന്നിങ്ങനെയാണ് വിജയം.

 65,184 പേരുടെ ഫലം ആഗസ്റ്റ് 5ന്

1060 പുതിയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 65,184 പേരുടെ ഫലം ആഗസ്റ്റ് 5നകം പ്രഖ്യാപിക്കും. റഫറൻസ് വർഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതാണ് കാരണം.

 തൃപ്തിയില്ലാത്തവർക്ക് അടുത്തമാസം പരീക്ഷ
ഫലത്തിൽ തൃപ്തിയില്ലാത്തവർക്ക് പ്രൈവറ്റ്, കംപാർട്ട്‌മെന്റ് വിദ്യാർത്ഥികൾക്കൊപ്പം ആഗസ്റ്റ് 16 നും സെപ്തംബർ 15നും ഇടയിൽ ഓഫ് ലൈനായി പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വിജയികളെ അഭിനന്ദിച്ചു.

Advertisement
Advertisement