കൊവിഡിൽ റെയിൽവേയുടെ 'സ്പെഷ്യൽ' കൊള്ള

Saturday 31 July 2021 1:59 AM IST

ട്രെയിനുകൾ സ്പെഷ്യലാക്കി ടിക്കറ്റ് നിരക്ക് കൂട്ടി

കൊല്ലം: ജോലിയും കൂലിയുമില്ലാതെ ജനങ്ങൾ വലയുമ്പോഴും യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ റെയിൽവേ തയ്യാറാവുന്നില്ല. കൺസഷൻ, സീസൺ ടിക്കറ്റുകൾ അനുവദിക്കാതെ എല്ലാ ട്രെയിനുകളും സ്പെഷ്യൽ സർവീസാക്കി ടിക്കറ്റ് നിരക്ക് കൂട്ടി. കെ.എസ്.ആർ.ടി.സി ബസുകളെല്ലാം നിരത്തിലിറങ്ങിയിട്ടും സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകൾ ഇപ്പോഴും ഓടുന്നില്ല.

നേരത്തെ ഇന്റർസിറ്റിയിൽ കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ടിക്കറ്റ് നിരക്ക് 40 രൂപയായിരുന്നു. ഇതേ ട്രെയിൻ ഇപ്പോൾ സ്പെഷ്യൽ സർവീസെന്ന പേരിലാണ് ഓടുന്നത്. പക്ഷെ സ്റ്റേഷനുകളിൽ നിന്നു ടിക്കറ്റെടുക്കാനാകില്ല. ഓൺലൈനായി റിസർവ് ചെയ്യുമ്പോൾ 40ന്റെ സ്ഥാനത്ത് 55 രൂപയാണ് നൽകേണ്ടത്. സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ നേരത്തേയുള്ളതിന്റെ ഇരട്ടിയാണ് നിരക്ക്.

സ്ഥിരയാത്രക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. നേരത്തെ 205 രൂപയ്ക്ക് സീസൺ ടിക്കറ്റെടുത്ത് എക്സ്‌പ്രസ് ട്രെയിനിൽ ഒരുമാസം കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാമായിരുന്നു. പക്ഷേ ഇപ്പോൾ രണ്ടുദിവസ‌ യാത്ര ചെയ്യാൻ തന്നെ ഈ തുക വേണം. പാസഞ്ചർ ട്രെയിനുകൾ ഇറക്കാതെ എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ മാത്രം സ്പെഷ്യലുകളായി ഓടിച്ച് ജനങ്ങളെ പരമാവധി കൊള്ളയടിക്കാനാണ് റെയിൽവേയുടെ ശ്രമം.

മുറുകിയത് 118 ഇളവുകൾ!

വിവിധ വിഭാഗം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 118 ഇളവുകളാണ് റെയിൽവേയിലുള്ളത്. ഇതിൽ കാൻസർ രോഗികൾക്ക് ചികിത്സയുടെ ഭാഗമായുള്ള യാത്ര സൗജന്യമാണ്. മറ്റ് വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകളോടെ യാത്ര ചെയ്തിരുന്നവർ നിലവിൽ കൂടിയ തുക നൽകേണ്ട അവസ്ഥയായി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഇളവുകൾ ലഭിച്ചിരുന്നവരുടെയെല്ലാം പോക്കറ്റ് കീറുകയാണ് റെയിൽവേ.

ടിക്കറ്റ് നിരക്ക്

കൊല്ലം- തിരുവനന്തപുരം

 എക്സ്പ്രസ് ട്രെയിനിൽ കൊവിഡിന് മുൻപ്: 40 (ഇന്റർസിറ്റി)

ഇപ്പോൾ: 55 (ഇന്റർസിറ്റി)

 സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ കൊവിഡിന് മുൻപ്: 55 (മദ്രാസ് മെയിൽ)

ഇപ്പോൾ: 100

 സീസൺ ടിക്കറ്റ് എക്സ്പ്രസ്: 205

സൂപ്പർ ഫാസ്റ്റ് : 360

..............................................

# കൊല്ലം- ആലപ്പുഴ

 എക്സ്പ്രസ് ട്രെയിനിൽ കൊവിഡിന് മുൻപ്: 65 (ഇന്റർസിറ്റി)

ഇപ്പോൾ: 75 (ഇന്റർസിറ്റി)

 സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ കൊവിഡിന് മുൻപ്: 70 (ജനശതാബ്ദി)

ഇപ്പോൾ: 85

 സീസൺ ടിക്കറ്റ് എക്സ്പ്രസ്: 260

സൂപ്പർ ഫാസ്റ്റ് : 380

...................................................

ചില ഇളവുകൾ

 കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി സൗജന്യയാത്ര

 ഭിന്നശേഷിക്കാർക്ക് ടിക്കറ്റ് നിരക്ക് നാലിലൊന്ന്

 യുദ്ധത്തിൽ മരിച്ച സൈനികരുടെ ഭാര്യമാർക്ക് സൗജന്യ യാത്ര

 ബൈപ്പാസ് ശസ്ത്രക്രിയയ്കും ചെക്കപ്പിനും നാലിലൊന്ന്

 ബധിരർക്കും മൂകർക്കും നാലിലൊന്ന്

 അന്ധർക്ക് പകുതി

Advertisement
Advertisement