സെൽവമാരിക്ക് മന്ത്രിയുടെ അഭിനന്ദനം

Saturday 31 July 2021 4:55 AM IST

തിരുവനന്തപുരം: ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന് സർക്കാർ സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച കുമിളി സ്വദേശി സെൽവമാരിയെ ചികിത്സയിൽ കഴിയുന്ന മന്ത്രി വി.ശിവൻകുട്ടി വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു. വഞ്ചിവയൽ ഗവ. ട്രൈബൽ ഹൈസ്‌കൂളിലാണ് സെൽവമാരിക്ക് ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചത്.

ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിയെ കുറിച്ച് കേട്ടറിഞ്ഞ മന്ത്രി ശിവൻകുട്ടി ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. മന്ത്രിയെ നേരിൽ കാണാൻ സെൽവമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മന്ത്രി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ സെൽവമാരിയെ ഫലകവും പൊന്നാടയും നൽകിയാണ് മന്ത്രി സ്വീകരിച്ചത്. ഏലക്കാടുകളിൽ പണിയെടുത്താണ് സെൽവമാരി ഉൾപ്പെടെ മൂന്ന് പെൺകുട്ടികളെ അമ്മ സെൽവം വളർത്തിയത്. സെൽവമാരിയുടെ ജീവിതകഥ പഠന പാതയിലുള്ള ഏവർക്കും പ്രചോദനമാകണമെന്ന് മന്ത്രി പറഞ്ഞു.