ആദ്യ ഒളിമ്പിക്‌സിൽ തന്നെ ഫൈനൽ യോഗ്യത നേടി വനിതാ ഡിസ്‌കസ് ത്രോ താരം; മറികടന്നത് മുൻ ചാമ്പ്യൻ ഉൾപ്പടെയുള‌ളവരെ

Saturday 31 July 2021 11:24 AM IST

ടോക്കിയോ: സ്ഥിരം മെഡൽ പ്രതീക്ഷ നൽകുന്നവർക്ക് ഉപരിയായി പുതിയ താരങ്ങളുടെ പിറവിക്കും ഇടയാകുന്ന കായികോത്സവമാണ് ഒളിംപിക്‌സ്. കർണം മല്ലേശ്വരിയും അഭിനവ് ബിന്ദ്രയുമെല്ലാം അങ്ങനെ ഇന്ത്യയ്‌ക്ക് ലഭിച്ച അഭിമാന താരങ്ങളാണ്. ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും അതിൽ തന്നെ ഫൈനൽ മത്സര യോഗ്യത നേടുകയും ചെയ്‌ത കമൽപ്രീതിന്റെ വാർത്തയാണ് ഇതിൽ പുതിയത്.

പഞ്ചാബിലെ പട്യാലയിൽ നിന്നുള‌ള 25കാരിയായ ഡിസ്‌കസ് ത്രോ താരം കമൽപ്രീത് കൗർ ആദ്യ മത്സരത്തിന്റെ യാതൊരു ടെൻഷനുമില്ലാതെ ഇന്ന് നടന്ന ഡിസ്‌കസ്‌ത്രോ ഫൈനൽ യോഗ്യതാ റൗണ്ടിൽ യോഗ്യത നേടി. 64 മീ‌റ്റർ ത്രോയിലൂടെയാണ് 31പേർ മത്സരിച്ചതിൽ രണ്ടാം സ്ഥാനം നേടി കമൽപ്രീത് യോഗ്യത നേടിയിരിക്കുന്നത്. 66.42 മീറ്റർ എറിഞ്ഞ അമേരിക്കയുടെ ഓൾമാൻ മലാറി മാത്രമാണ് കമലിന്റെ മുന്നിൽ.

മത്സരത്തിൽ പങ്കെടുത്ത രണ്ട്‌വട്ടം ഒളിമ്പിക് ചാമ്പ്യനായ സാന്ദ്ര പെർകൊവിക്കിനെക്കാൾ മികച്ച ദൂരം കമൽപ്രീതിന് നേടാനായി.63.75 മീറ്റർ എറിഞ്ഞ സാന്ദ്ര മൂന്നാമതാണ്. മുൻപ് 66.59 മീറ്റർ എറിഞ്ഞ് കമൽപ്രീത് ദേശീയ റെക്കാഡ് സ്ഥാപിച്ചിരുന്നു.

ആദ്യം 60.29ഉം പിന്നീട് 63.97ഉം മൂന്നാമത് 64 മീറ്ററുമാണ് കമൽപ്രീത് എറിഞ്ഞത്. മറ്റൊരു താരമായ സീമാ പൂനിയ 16ാം സ്ഥാനം മാത്രമാണ് നേടിയത്. സീമയുടെ ആദ്യത്തേത് ഫൗളായി, രണ്ടാമത് 60.57 മീറ്ററും മൂന്നാമത് 58.93 മീറ്ററുമായിരുന്നു. ഓഗസ്‌റ്റ് രണ്ടിനാണ് ഫൈനൽ.