ഓഫീസർമാരുടെ സ്ഥലംമാ‌റ്റം; ഓഫീസേഴ്‌സ് സംഘിന്റെ ആവശ്യം പ്രഥമദൃഷ്‌ട്യാ ന്യായമെന്ന് ഹൈക്കോടതി

Saturday 31 July 2021 12:04 PM IST

കൊച്ചി: വൈദ്യുതി ബോർഡിൽ ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് ആരോഗ്യ കാരണങ്ങളാൽ സംരക്ഷണം നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച ജില്ലാതല മെഡിക്കൽ കമ്മിറ്റിയെ ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും എ ബദറുദീനും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

നാമനിർദേശം ചെയ്‌തിരുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് സംഘിന്റെ അംഗങ്ങളെ ബോർഡ് പരിഗണിക്കാത്തതിനെ തുടർന്ന് ഓഫീസർസ് സംഘ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. തുടർന്ന് മൂന്നാഴ്ചയ്‌ക്കകം ഓഫീസേഴ്സ് സംഘിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പരിഗണിക്കാതെ ബോർഡ് മുന്നോട്ട്പോയി. ഇതിനെ തുടർന്നാണ് ഓഫീസർസ് സംഘ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ ന്യായമായ ആവശ്യമാണ് ഓഫീസേഴ്സ് സംഘിന്റേതെന്ന് ഡിവിഷൻ ബെഞ്ച് താത്കാലിക ഉത്തരവിൽ പറഞ്ഞു.

വൈദ്യുതി ബോർഡ് രൂപീകരിച്ച മെഡിക്കൽ കമ്മിറ്റിയിൽ അതാതു ജില്ലാ തലസ്ഥാനത്തെ വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ കൺവീനറായും മാനേജ്മന്റ് പ്രതിനിധികളായി ഇടതു സംഘടനയായ ഓഫീസർസ് അസോസയേഷന്റെ രണ്ടു അംഗങ്ങളും അവരുടെ മറ്റൊരു അംഗം യൂണിയൻ പ്രതിനിധി ആയും ഉണ്ട് . കൂടാതെ കോൺഗ്രസ് അനുകൂല സംഘടനകളായ പവർ ബോർഡ് ഓഫീസർസ് ഫെഡറേഷൻ , ഇലക്ട്രിസിറ്റി ഓഫീസർസ് കോൺഫെഡറേഷൻ സ്വതന്ത്ര സംഘടനയായ എൻജിനീയേഴ്സ് അസോസയേഷൻ എന്നീ സംഘടനകൾക്ക് ഓരോ അംഗവും ഉണ്ട്.

ബോർഡിലെ ഓഫീസർമാരുടെ എണ്ണത്തിന്റെ ഇരുപത്തഞ്ചു ശതമാനം അംഗങ്ങൾ ഉണ്ടെന്ന ലിസ്റ്റു കൊടുക്കാൻ ഓഫീസർസ് സംഘിനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഓഫീസർമാരുടെ റഫറണ്ടം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുള്ളത് ഇപ്പോഴത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോർഡിന്റെ വാദം കേൾക്കുന്നതിന് കേസ് ജൂലൈ ആറിലേക്കു മാറ്റി