ഉള്ളിൽ നിറയെ അഭിമാനം,​ നവരസയെക്കുറിച്ച് പ്രയാഗാമാർട്ടിൻ

Sunday 01 August 2021 6:00 AM IST

കൊവിഡ് കാലത്ത് ഇടറിവീണ സഹപ്രവർത്തകർക്കുള്ള കരുതലാണ് 'നവരസ' എന്ന തമിഴ് ആന്തോളജിക്കൽ സിനിമ. ആഗസ്റ്റ് ആറിന് ഈ ചിത്രം നെറ്റ് ഫ്ളിക്‌സിൽ റിലീസാകുകയാണ്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ നേതൃത്വത്തിൽ മുതിർന്ന സംവിധായകനായ ജയേന്ദ്ര പഞ്ചാപകേശനാണ് ചിത്രത്തിന്റെ സഹനിർമ്മാതാവായെത്തിയത്. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട തമിഴ്സിനിമാ പ്രവർത്തകരെ സഹായിക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യമിടുന്നത്. ഒമ്പതു ചെറുസിനിമകളാണ് 'നവരസ' എന്ന പേരിൽ ആസ്വാദകരിലെത്തുന്നത്. ഒട്ടേറെ മലയാളിതാരങ്ങളും 'നവരസ' യിൽ അഭിനയിച്ചിട്ടുണ്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഗിറ്റാർ കമ്പി മേലെ നിൻട്രും' എന്ന സിനിമയിൽ സൂര്യയുടെ നായികയായി അഭിനയിച്ചത് പ്രയാഗാമാർട്ടിനാണ്. ആ വിശേഷങ്ങളിലൂടെ...

പുതിയ അനുഭവം,
വലിയ ഉത്തരവാദിത്തം

'നവരസ' എനിക്ക് വലിയ അവസരമായിരുന്നു. എങ്ങനെ ചിന്തിച്ചാലും എനിക്ക് കിട്ടിയ വലിയ ഭാഗ്യം. അത്ര തന്നെ ഉത്തരവാദിത്തവുമുണ്ടായിരുന്നു. പേരുകേട്ട ആളുകളാണ് സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവർത്തിക്കാനുണ്ടായിരുന്നത്. ഷൂട്ടിംഗിനിടയിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ആരും എനിക്ക് തന്നിട്ടില്ല. കംഫർട്ട് സോണിലായിരുന്നു ഞാനുൾപ്പെടെയുള്ള എല്ലാവരും ഷൂട്ടിംഗ് സമയത്ത്. നൂറുശതമാനം ഓകെ ആണെന്ന് ഉറപ്പു വരുത്തി മാത്രമേ ഷൂട്ട് നടത്തിയിരുന്നുള്ളൂ. ഗൗതം വാസുദേവ് സാർ വലിയ പിന്തുണയാണ് തന്നത്. അതോടൊപ്പം മറ്റുള്ളവരെ പരിഗണിച്ചു കൊണ്ടുള്ള സൂര്യ സാറിന്റെ സമീപനവും ഷൂട്ടിംഗ് എളുപ്പമാക്കി. അത്ര പരിശ്രമം എല്ലാഭാഗത്തു നിന്നും ഉള്ളതുകൊണ്ടു തന്നെ നല്ലൊരു സിനിമയായിരിക്കും 'നവരസ' യെന്ന് എനിക്കുറപ്പുണ്ട്. ഷൂട്ടിംഗ് മുഴുവൻ ചെന്നൈയിലായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ചെന്നൈ നഗരം മുഴുവനായി ഞാൻ കണ്ടത്. ആദ്യത്തെ അനുഭവമായിരുന്നു അത്. നഗരത്തിന്റെ ഓരോ വഴികളും ഇപ്പോൾ നന്നായി അറിയാം.

നേത്ര പറഞ്ഞുതന്നത്

നേത്ര എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു സിനിമയാണ് എന്ന് ഒരിക്കലും തോന്നിപ്പിക്കാതെ, യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന കഥയും കഥാപാത്രങ്ങളുമാണ്. സിനിമ കാണുമ്പോൾ അത് മനസിലാകും. ഞങ്ങളത് എങ്ങനെ ചെയ്തു എന്നു ചോദിച്ചാൽ ഇപ്പോഴും ഉത്തരമറിയില്ല. വളരെ ഗുണനിലവാരമുള്ള പ്രൊഡക്ഷനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ സിനിമയിൽ മറ്റെന്തുണ്ടെന്ന് പറഞ്ഞാലും കാര്യം കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ തമിഴ് ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടി നിർമ്മിച്ച സിനിമയാണിത് എന്നതാണ്. അതിനേക്കാൾ വലിയൊരു കരുതൽ മറ്റെന്താണുള്ളത്. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും 'നവരസ' യ്ക്കു വേണ്ടി പ്രവർത്തിച്ചത്. നവരസ ഒരു തവണയെങ്കിലും എല്ലാവരും കാണണം. വലിയൊരു മാനുഷിക സമീപനം കൂടിയാണത്.

ആരോ സ്‌നേഹിക്കുന്നുണ്ട്

ഒമ്പതുരസങ്ങൾ വിഷയമാക്കിയ സിനിമയായ 'നവരസ' യിൽ ഞാൻ അഭിനയിച്ച 'ഗിറ്റാർ കമ്പി മേലെ നിൻട്രു' സിനിമയിലെ പ്രതിപാദ്യം പ്രണയമാണ്. സാധാരണ പ്രതീക്ഷിക്കുന്ന രീതിയിലുള്ള പ്രണയ സിനിമയല്ല, പക്ഷേ ഈ സിനിമ കാണുമ്പോൾ നമ്മളെ ആരോ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നും. അത്ര ഫീലിംഗുള്ള സിനിമയാണിത്. കൊവിഡ് കാലത്ത് ഞാൻ ആകെ ചെയ്തിട്ടുള്ള പ്രൊജ്ര്രക് ഇതാണ്. അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് വിളി വന്നത്. ഓഡീഷനും സ്‌ക്രീൻടെസ്റ്റും ഉണ്ടായിരുന്നു. ഓഡീഷനു വേണ്ടി നേരത്തെ ഒരു സീൻ അയച്ചു തന്നിരുന്നു. അതു കഴിഞ്ഞ് അവിടെ പോയപ്പോൾ തിരക്കഥ മുഴുവൻ പറഞ്ഞു തന്നു. ഈ കഥയും കഥാപാത്രങ്ങളെയുമെല്ലാം പൂർണമായും തന്നെ ഷൂട്ടിന് മുമ്പു തന്നെ ബോദ്ധ്യപ്പെട്ടിരുന്നു. എല്ലാം കൊണ്ടും സ്‌പെഷ്യലാണ് ഈ സിനിമ. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനം തന്നെയാണ്.

Advertisement
Advertisement