എലെയ്ൻ തോംസൺ വേഗറാണി,​ ഒളിമ്പിക് റെക്കാഡോടെ സ്വർണം,​ മൂന്നുമെഡലുകളും ജമൈക്കയ്ക്ക്

Saturday 31 July 2021 6:40 PM IST

ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിലെ വേഗമേറിയ വനിതാതാരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. ഇന്നു നടന്ന വനിതകളുടെ 100 മീറ്റർ ഫൈനലിൽ ഒളിമ്പിക് റെക്കഡോടെയാണ് എലെയ്ൻ സ്വർണം നേടിയത്. 10.61 സെക്കൻഡിലാണ് താരം ഓടിയെത്തിയത്. 33 വർഷം പഴക്കമുള്ള റെക്കാഡാണ് എലെയ്ൻ തകർത്തത്. യു.എസ്.എയുടെ ഫ്ലോറന്‍സ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡാണ് എലെയ്ന്‍ തോംസണ്‍ മറികടന്നത്. 1988-ലെ സിയോള്‍ ഒളിമ്പിക്‌സിലാണ് ഫ്ലോറെന്‍സ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയത്. (10.62 സെ). ലോക റെക്കോഡും ഫ്ലോറെന്‍സിന്റെ പേരിലാണ് (10.49 സെ).

ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്‌സണ്‍ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിൻഡില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).