ശബരിമല വിഷയത്തിൽ സ്ത്രീകൾക്കെതിരെ വരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തവരാണ് ശിവൻകുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്: വി മുരളീധരൻ

Saturday 31 July 2021 8:46 PM IST

തിരുവനന്തപുരം : ശബരിമല പ്രക്ഷോഭത്തിൽ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത സർക്കാരാണ് നിയമസഭാ കൈയാങ്കളി കേസിൽ
ശിവൻകുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.


സ്വന്തം അണികളെ സി പി എം ധാർമ്മികത പഠിപ്പിക്കണം. .രണ്ടാം ഊഴം ജനങ്ങൾ നൽകിയത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്ന് ഓർക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സ്വർണ കടത്ത് കേസിൽ മുൻ കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തലിനെതിരെയും മുരളീധരൻ പ്രതികരിച്ചു.,​ സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥനെന്ന നിലയിൽ

പരിമിതിയിൽ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞു. സുമിത് കുമാറിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നയത്തിലെ പാളിച്ചയാണ്
രോഗികൾ വർധിക്കാൻ കാരണം. മുഖ്യമന്ത്രി വൈകിയെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞെങ്കിൽ അത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൻ്റെ പിഴവുകൾ തുടക്കത്തിലെ ചൂണ്ടി കാട്ടിയപ്പോൾ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും നിയന്ത്രണത്തോടെ കൂടുതൽ ദിവസം കടകൾ തുറക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. .ടി പി ആർ നിശ്ചയിക്കാൻ മാനദണ്ഡം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.