ലോക്ക് ഡൗണിന് ടി.പി.ആർ നോക്കരുത്, പാക്കേജുകൾ ജനങ്ങളെ പറ്റിക്കാൻ: വി.ഡി.സതീശൻ

Sunday 01 August 2021 12:05 AM IST

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളും ടി.പി.ആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗണും ശാസ്ത്രീയമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത് പ്രതിപക്ഷവും വിദഗ്ദ്ധരും നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ലോക്ക്‌ഡൗൺ മൂലം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി താറുമാറായി. സർക്കാരിന്റെ പാക്കേജ് പ്രഖ്യാപനം ആളെപ്പറ്റിക്കാനാണ്. പെൻഷൻ എങ്ങനെ പാക്കേജിന്റെ ഭാഗമാകും. ആദ്യം പ്രഖ്യാപിച്ച പാക്കേജിൽ നിന്നും 1000 കോടി പോലും ചെലവാക്കിയില്ല. സംസ്ഥാനത്ത് വ്യാപകമായി ആത്മഹത്യകൾ നടക്കുകയാണ്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും റിക്കവറി നോട്ടീസുകൾ അയയ്ക്കുകയാണ്. മുഴുവൻ റിക്കവറി നടപടികളും നിറുത്തി വയ്ക്കണം. ഇക്കാര്യം റിസർവ് ബാങ്കിനോട് ആവശ്യപ്പെടേണ്ടത് സർക്കാരാണ്. കോടതി പരാമർശങ്ങളുടെ പേരിൽ പലരുടെയും രാജി ആവശ്യപ്പെട്ടയാളാണ് സീതാറാം യെച്ചൂരി. അതുകൊണ്ടാണ് ശിവൻകുട്ടിയുടെ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണക്കടത്ത്: ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം

സ്വർണക്കള്ളക്കടത്ത് കേസിൽ ഭരണകക്ഷി ഇടപെട്ടെന്ന, സ്ഥലം മാറിപ്പോയ കസ്റ്റംസ് കമ്മിഷണറുടെ ആരോപണം അന്വേഷിക്കണം. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനെ സ്വാധീനിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നതിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. എല്ലാ കേന്ദ്ര ഏജൻസികളും തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് വരെ കേസന്വേഷണത്തിന്റെ പുരോഗതി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. അത് ഒരു സുപ്രഭാതത്തിൽ നിറുത്തി. ഇത് ബി.ജെ.പി സി.പി.എം ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായാണ്. ഇതിന്റെ തുടർച്ചയാണ് കൊടകര കുഴൽപ്പണക്കേസിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

Advertisement
Advertisement