സഹസ്രദളപത്മശോഭയിൽ ജ്യോതിസ്സദ്മയ

Sunday 01 August 2021 1:08 AM IST

പറവൂർ: ജ്യോതിസ്സദ്മയിൽ ജ്യോതിയായി ആയിരം ഇതളുകളുള്ള താമരപ്പൂവിരിഞ്ഞു. ദിവംഗതനായ പറവൂർ ശ്രീധരൻ തന്ത്രിയുടെ മൂത്തമകനും ജ്യോത്സ്യനും പ്രഭാഷകനുമായ പറവൂർ ജ്യോതിസിന്റെ വീട്ടിലാണ് സഹസ്രദളപത്മം വിരിഞ്ഞത്. പൂർണമായും വിരിയാൻ രണ്ടുദിവസമെടുക്കും. മറ്റു താമരകളെ അപേക്ഷിച്ച് കൂടുതൽ ദിവസം വിരിഞ്ഞുനിൽക്കും.

ജ്യോതിസ് രണ്ടുവർഷം മുമ്പാണ് താമരപ്പൂ വളർത്താൻ തുടങ്ങിയത്. ഇപ്പോൾ മൂപ്പത്തിമൂന്ന് ഇനം താമരകളും പതിനാറിനം ആമ്പലുകളുമുണ്ട്. പത്ത് മാസംമുമ്പ് പറവൂർ കരിമ്പാടത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സഹസ്രദളപത്മത്തിന്റെ വിത്തുവാങ്ങിയത്. വിശ്വാസത്തിന്റെ ഭാഗംകൂടിയാണ് ജ്യോതിസിനും കുടുംബത്തിനും താമരപ്പൂവളർത്തൽ. താമരപ്പൂവിൽ വീണാവാദിനിയായ സരസ്വതി നിറഞ്ഞിരിക്കുന്നുവെന്നാണ് വിശ്വാസം. കേരളത്തിൽ ഇവ പൂക്കുന്നത് സാധാരണമല്ല. എന്നാൽ ഈ വർഷം പലിയിടങ്ങളിൽ സഹസ്രദളപത്മം വിരിയുന്നുണ്ടെന്ന് ജ്യോതിസ് പറഞ്ഞു. സാധാരണ ചുറ്റുപാടുകളിൽ ഇവ വിരിയുമ്പോൾ 1000 മുതൽ 1650 ഇതളുകൾവരെ ഉണ്ടാകും. ചെറിയ പാത്രങ്ങളിൽ വളർത്തുമ്പോൾ ഇതളുകൾ കുറയും. പണ്ടുകാലത്ത് സർവസാധാരണായി കണ്ടിരുന്ന സഹസ്രദളപത്മം പി​ന്നീട് അപ്രത്യക്ഷമായി​. ചൈനയിലാണ് വീണ്ടും കണ്ടുതുടങ്ങിയത്.

Advertisement
Advertisement