കസ്റ്റംസ് വെളിപ്പെടുത്തൽ അതീവഗുരുതരം: കെ. സുധാകരൻ

Saturday 31 July 2021 11:21 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയപാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.

സ്വാധീനിച്ചത് സി.പി.എമ്മാണെന്ന് പകൽപോലെ വ്യക്തമാണ്. അധികാരത്തിന്റെ എല്ലാ ശക്തികളുമുപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിച്ചെന്നാണ് വ്യക്തമാകുന്നത്. സ്വർണക്കടത്ത് കേസ് ഇപ്പോൾ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണ്.

സുമിത് കുമാറിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തിയാൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങൾ പുറത്തുവരും.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ സുപ്രധാന ഇടപെടലുകൾ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വാഭാവിക സ്ഥലം മാറ്റമെന്ന് പറയുമ്പോഴും ഇതിന് പിന്നിൽ ഇതേ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. സമ്മർദ്ദ തന്ത്രങ്ങൾ ഫലിക്കാതെ വരികയും സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാവുകയും ചെയ്തപ്പോഴാണ് സി.പി.എമ്മും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചത്. കേട്ടുകേൾവിയില്ലാത്ത വിധം കസ്റ്റംസിനെതിരെ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തിയ അത്യപൂർവ സംഭവമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement