കടകൾ അഞ്ച് ദിവസം തുറക്കാൻ അനുമതി തേടി കോർപ്പറേഷൻ

Sunday 01 August 2021 12:02 AM IST

കോഴിക്കോട്: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോർപ്പറേഷൻ. സർക്കാരിനു മുമ്പാകെ ഇതിനായി ശുപാർശ സമർപ്പിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി വിഭാഗത്തിൽ തുടരുന്ന കോഴിക്കോട് നഗരത്തിൽ വെള്ളിയാഴ്ച മാത്രം കടകൾ തുറക്കുന്നത് നിയന്ത്രണാതീതമായ തിരക്കിനിടയാക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി മറ്റു ദിവസങ്ങളിൽ കടകൾ തുറക്കുന്നതാണ് തിരക്ക് കുറയ്ക്കാൻ നല്ലത്. കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന സമിതി യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചതായും മേയർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്.ജയശ്രീ, സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് ഗോപകുമാർ എന്നിവരും സംബന്ധിച്ചു.

 കണ്ടെയ്ൻമെന്റ് സോൺ

മാനദണ്ഡത്തിൽ മാറ്റം

കോർപ്പറേഷൻ പരിധിയിൽ കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കുന്നതിലെ നിബന്ധനയിൽ മാറ്റം വരുത്തി. ഡിവിഷനിൽ 30 രോഗികളായാൽ നേരത്തെ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനി 80 രോഗികളുണ്ടെങ്കിലേ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായി മാറൂ.

 കൊവിഡ് കണക്കിൽ

കൂടുതൽ വ്യക്തത
നഗരത്തിലെ ആശുപത്രികളിലും ലാബുകളിലും പരിശോധനയ്ക്ക് വിധേയരാവുന്നവരിൽ മറ്റു പ്രദേശക്കാരെ കോർപറേഷന്റെ കണക്കിൽ ഉൾപ്പെടുത്തുന്ന പ്രശ്നം പരിഹരിക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്നവരുടെ കണക്കുകൾ കൃത്യമായി ഫോറത്തിൽ രേഖപ്പെടുത്താൻ ആശുപത്രികളോടും ലാബുകളോടും ആരോഗ്യവകുപ്പ് നിർദേശം നൽകും. തെറ്റായി വിവരങ്ങൾ കടന്നു കൂടുമ്പോൾ കോർപറേഷനിലെ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയായിരുന്നു ഇതുവരെ.

 വാക്സിൻ വിതരണം

ജനസംഖ്യാ അനുപാതത്തിൽ

ജനസംഖ്യാ അനുപാതത്തിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി. ജില്ലയിലെ ജനസംഖ്യയിൽ 20 ശതമാനം വരുന്ന നഗരമേഖലയിൽ വാക്‌സിൻ ലഭിച്ചത് പത്ത് ശതമാനത്തിനു മാത്രമാണ്.
നഗരത്തിലെ മാർക്കറ്റുകളിലും കടകളിലുമുള്ളവരെ നിർബന്ധമായും ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിന്റെ ഉത്തരവാദിത്വം ഉടമകൾക്കുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സേവനവും ഉറപ്പാക്കും. ട്രോളിംഗ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ബോട്ടിൽ പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിറങ്ങുന്നവർക്ക് വാക്‌സിനും നൽകിയിട്ടുണ്ട്.

 സമ്പൂർണ വാക്‌സിനേഷന്

കപ്പക്കൽ, പുതിയാപ്പ

കൊവിഡ് വ്യാപനവും മരണവും കൂടിയിരിക്കെ കപ്പക്കൽ, പുതിയാപ്പ ഭാഗങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ ഉറപ്പാക്കും. കപ്പക്കലിൽ മാത്രം ഇതുവരെ 28 കൊവിഡ് മരണങ്ങളുണ്ടായി. രോഗവ്യാപനം സംബന്ധിച്ച് ഈ മേഖലകളിൽ പഠനം നടത്തുന്നുണ്ട്.

Advertisement
Advertisement