നൂറിൽ ജമൈക്കാജാലം

Sunday 01 August 2021 1:01 AM IST

ഫ്ളോ ജോയുടെ ഒളിമ്പിക് റെക്കാഡ് തിരുത്തിയെഴുതി എലൈൻ തോംപ്സൺ

ലോക റെക്കാഡ് ഇപ്പോഴും ഫ്ളോ ജോയുടെ പേരിൽത്തന്നെ

ടോക്യോ : ഉസൈൻ ബോൾട്ടേ ഇല്ലാതെയുള്ളൂ, ജമൈക്കയുടെ ട്രാക്കിലെ മേൽക്കോയ്മ എങ്ങും പൊയ്പ്പോയിട്ടില്ലെന്ന് തെളിയിച്ച് വനിതകളുടെ 100 മീറ്റർ . ഈയിനത്തിലെ മൂന്ന് മെഡലുകളും സ്വന്തമാക്കിയത് ജമൈക്കൻ മഹിളാമണികൾ.

2016ൽ റിയോയിൽ 100,200 മീറ്ററുകളിൽ സ്വർണവും റിലേയിൽ വെള്ളിയും നേടിയിരുന്ന എലൈൻ തോംപ്സണാണ് സ്വന്തം നാട്ടുകാരികളെ പിന്നിലാക്കി ഇന്നലെ സ്വർണമണിഞ്ഞത്. വനിതാ 100 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ഇന്നലെ 34കാരിയായ എലൈൻ കുറിച്ച 10.61 സെക്കൻഡ്. 1988ൽ അമേരിക്കൻ സെലക്ഷൻ ട്രയൽസിൽ താരം ഫ്ളോ ജോ കുറിച്ച 10.49 സെക്കൻഡാണ് ഇപ്പോഴും 100ലെ റെക്കാഡ് സമയം. 1988ൽ സ്യോൾ ഒളിമ്പിക്സിന്റെ ഫൈനലിൽ ഫ്ളോ ജോ സ്വർണം നേടിയ 10.62 സെക്കൻഡിന്റെ റെക്കാഡാണ് ഇന്നലെ എലൈൻ തി​രുത്തി​യെഴുതി​യത്.

കഴിഞ്ഞജൂൺ അഞ്ചിന് ജമൈക്കൻ ഒളിമ്പിക് ട്രയൽസിൽ 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ നൂറ്റാണ്ടിലെതന്നെ ഏറ്റവും മികച്ച സമയം കുറിച്ചിരുന്ന ഷെല്ലി ആൻ ഫ്രേസറിലാണ് ഏവരും പ്രതീക്ഷ പുലർത്തിയിരുന്നത്. എന്നാൽ ഏറ്റവും വലിയ മത്സരവേദിയിൽ അവസരത്തിനൊത്തുയർന്ന എലൈൻ ഷെല്ലിയുടെ റെക്കാഡും കടപുഴക്കിയാണ് ഫിനിഷിംഗ് ലൈനിൽ തൊട്ടത്. ഷെല്ലിക്ക് 10.74 സെക്കൻഡിലേ ഫിനിഷ് ചെയ്യാനായുളളൂ.കഴിഞ്ഞഒളിമ്പിക്സിലെ 10.71 സെക്കൻഡായിരുന്നു ഇതിന് മുമ്പുള്ള എലൈന്റെ ഏറ്റവും മികച്ച സമയം .10.76 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഷെറിക്ക വെങ്കലം നേടിയത്.

34

ഒളിമ്പിക്സിലെ 100 മീറ്ററിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് എലൈൻ.ഒളിമ്പിക്സിൽ ട്രാക്കിൽ നിന്ന് മൂന്ന് സ്വർണം നേടുന്ന ആദ്യ താരവും ഈ ജമൈക്കൻ താരമാണ്.

2008

ന് ശേഷം ആദ്യമായാണ് വനിതാ 100 മീറ്ററിലെ എല്ലാമെഡലുകളും ജമെൈക്കൻ താരങ്ങൾ നേടുന്നത്.

200ൽ ആവർത്തിക്കുമോ ?

200 മീറ്ററിൽ എലൈനും ഷെല്ലിയും തമ്മിലുള്ള പോരാട്ടം ആവർത്തിക്കും. 200 മീറ്ററിലെ നിലവിലെ ചാമ്പ്യനാണ് എലൈൻ.നിലവിലെ ലോകചാമ്പ്യനായ ബ്രിട്ടീഷുകാരി ദിന ആഷർ സ്മിത്ത് പരിക്കുമൂലം 200 മീറ്ററിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

മിക്സഡിൽ പോളണ്ട്

ഇന്നലെ നടന്ന4-400 മിക്സഡ് റിലേയിൽ പോളണ്ട് സ്വർണം നേടി. ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ ഡൊമിനിക്കൻ റിപ്പബ്ളിക്ക് വെള്ളിയും അമേരിക്ക വെങ്കലവും.

പുരുഷ ഡിസ്കസിൽ സ്റ്റാൾ

പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ സ്വീഡന്റ ഡാനിയേൽ സ്റ്റാൾ സ്വർണം നേടി.68.90 മീറ്ററാണ് സ്റ്റാൾ കണ്ടെത്തിയ ദൂരം.2019ലെ ലോക ചാമ്പ്യനായ സ്റ്റാളിന്റെ ആദ്യ ഒളിമ്പിക് സ്വർണമാണിത്.

Advertisement
Advertisement