കള്ളനോട്ട് ശൃംഖലയിലെ മൂന്ന് പേർ കൂടി പിടിയിൽ

Sunday 01 August 2021 1:26 AM IST
അറസ്റ്റിലായ പ്രതികൾ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ കള്ളനോട്ട് ശൃംഖലയിൽ കണ്ണികളായ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ. മേത്തല ടി.കെ.എസ് പുരം സ്വദേശികളായ കന്നത്തുവീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ ആറ് പേർ അറസ്റ്റിലായി. മേത്തല കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽ നിന്ന് 1.78 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. ബംഗളൂരു കേന്ദ്രമാക്കി കള്ളപ്പണം അച്ചടിച്ച് വിതരണം ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരങ്ങളായ എറാശേരി രാകേഷ് (37), രാജീവ് (35) എന്നിവരെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തിരുന്നു.
ജിത്തുവിന് കള്ളപ്പണം വാങ്ങാനായുള്ള യഥാർത്ഥ കറൻസിയായ 30,000 രൂപ നൽകിയത് മനാഫും ഷമീറും ഷനീറും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഇവർ മൂന്നു പേരും ചേർന്നാണ് പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്നത്. കള്ളനോട്ടുകൾ ഈ കച്ചവടത്തിൽ ഉപയോഗിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. 30,000 രൂപയുടെ യഥാർത്ഥ കറൻസിക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരദേശത്ത് വ്യാജ കറൻസികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പൂങ്കുഴലി പറഞ്ഞു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ എസ്.ഐമാരായ സന്തോഷ്, പി.സി സുനിൽ, എ.എസ്.ഐമാരായ സി. ആർ പ്രദീപ്, സുനിൽ, കെ. എം മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ ഗോപൻ, സി.പി.ഒമാരായ ബിനിൽ, രൺദീപ്, ഷിന്റോ മുറാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement