ഓൺലൈൻ കെട്ടിടനിർമ്മാണ അനുമതി : പൂനെ കമ്പനിക്ക് വീണ്ടും കോടികൾ കൊടുക്കും

Sunday 01 August 2021 3:24 AM IST

പൂനെ സോഫ്‌റ്റ്ടെക്ക് രണ്ടുവട്ടം പരാജയപ്പെട്ട കമ്പനി

തിരുവനന്തപുരം: ഗുരുതരമായ പോരായ്മകൾ കാരണം വ്യാപകമായ പരാതികൾക്ക് ഇടയാക്കുകയും രണ്ടുവട്ടം ഉപേക്ഷിക്കുകയും ഖജനാവിലെ കോടികൾ നഷ്ടപ്പെടുത്തുകയും ചെയ്ത കമ്പനിയുടെ സോഫ്ട്‌വെയർ ഉപയോഗിച്ച് വീണ്ടും ഓൺലൈനിലൂടെ കെട്ടിട നിർമ്മാണ അനുമതി നൽകുന്നു.

ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ തന്നെ പറഞ്ഞിരുന്ന പൂനെയിലെ സോഫ്‌ട്‌ടെക്ക് കമ്പനിയുടെ ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന സോഫ്ട്‌വെയറാണ് പുതിയതെന്ന പേരിൽ വീണ്ടും എത്തിയത്. നേരത്തെ ഇത് ബി.പി.എം.എസ് എന്ന പേരിലായിരുന്നു.

ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ അപാകത, അപ്‌ലോഡ് ചെയ്തവ കാണാനില്ല, സ്വീകരിച്ച അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയുന്നില്ല തുടങ്ങിയ പരാതികൾ കാരണം രണ്ടുംവട്ടം പിൻമാറിയ കമ്പനിയുടെ സോഫ്ട്‌വെയറിലൂടെയാണ് കഴിഞ്ഞ ആഴ്ച മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത്.

തിരുവനന്തപുരം,കൊല്ലം,തൃശൂർ,കണ്ണൂർ,കൊച്ചി കോർപറേഷനുകളിലും പാലക്കാട്,ഗുരുവായൂർ,ആലപ്പുഴ മുൻസിപ്പാലിറ്റികളിലുമാണ് ഇത് ഉപയോഗിച്ചു തുടങ്ങിയത്. ഇക്കുറി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടിയോളം നൽകാൻ നീക്കമുണ്ടെന്നാണ് വിവരം.

വൻകിടക്കാരെ ഒഴിവാക്കി

പ്രശ്നങ്ങൾ ഉണ്ടായാൽ വൻകിടക്കാരെ ബാധിക്കാതിരിക്കാൻ അവരെ ഒഴിവാക്കി സാധാരണക്കാരുടെ നിർമ്മാണങ്ങളാണ് ഇക്കുറി ഓൺലൈനിലാക്കിയത്. നേരത്തെ സോഫ്ട്‌വെയർ ഉപയോഗിച്ച ഘട്ടങ്ങളിൽ അപേക്ഷകൾ ആറുമാസംവരെ കെട്ടിക്കിടന്നിരുന്നു. 3000 സ്‌ക്വയർഫീറ്റ് വരെയുള്ള നിർമ്മാണങ്ങൾക്ക് മാത്രമേ ഓൺലൈൻ അപേക്ഷ സ്വീകരിക്കൂ. വലിയ കെട്ടിട സമുച്ചയങ്ങൾക്ക് നേരിട്ട് അപേക്ഷ നൽകാം.

കമ്പനി കൊണ്ടുപോയത് 19 കോടി

2009:പൂനെ സോഫ്ട്‌ടെക്കിന് മുനിസിപ്പൽ കോർപറേഷനുകൾ 12 കോടി നൽകി. ഓൺലൈൻ സംവിധാനം നിലവിൽവന്നു

2010:അപേക്ഷകരുടെ പരാതി പ്രളയം. കോടതിയിൽ കേസ്

2013: പുതിയ സർക്കാർ സോഫ്ട്‌ടെക്കിനെ ഒഴിവാക്കി. സേവനംഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സങ്കേതം സോഫ്ട്‌വെയർ വഴിയാക്കി

2019: മാറിയ സർക്കാർ സങ്കേതം സോഫ്ട്‌വെയർ പരിഷ്കരിക്കുന്നതിനു പകരം, പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പൂനെ കമ്പനിയുടെ പരിഷ്കരിച്ച സോഫ്ട്‌വെയർ വാങ്ങി. ഏഴു കോടി രൂപ നൽകി.

2020: വീണ്ടും പരാതി പ്രളയം. കമ്പനി പിൻമാറി

2021: വീണ്ടും പൂനെ കമ്പനിയുടെ സോഫ്ട്‌വെയർ. അഞ്ചു കോടി നൽകാൻ നീക്കം

Advertisement
Advertisement