കൊട്ടി​യൂർ പീഡനക്കേസ് : പ്രതിയെ വി​വാഹം കഴി​ക്കണമെന്ന് യുവതി​ സുപ്രീംകോടതി​യി​ൽ

Sunday 01 August 2021 3:37 AM IST

പ്രതി വടക്കുംചേരി കണ്ണൂർ സെൻട്രൽ ജയിലിൽ

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി​ നൽകണമെന്ന് ആവശ്യപ്പെട്ട് ഇരയായ യുവതി​ സുപ്രീംകോടതി​യെ സമീപി​ച്ചു. വിവാഹത്തിനായി വടക്കുംചേരി​ക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റി​സുമാരായ വി​നീത് ശരൺ​, ദി​നേഷ് മഹേശ്വരി​ എന്നി​വരടങ്ങി​യ ബെഞ്ച് കേസ് നാളെ പരി​ഗണി​ക്കും.

2016ൽ കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്​റ്റ്യൻസ് പള്ളി വികാരി ആയിരിക്കെ റോബിൻ വടക്കുംചേരി പള്ളിമേടയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. യുവതി അന്ന് പ്ളസ് വൺ വിദ്യാർത്ഥിനിയായിരുന്നു. 2019 ഫെബ്രുവരി 15നാണ് തലശ്ശേരി പോക്‌സോ കോടതി 20 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

തന്റെ കുഞ്ഞിന് നാല് വയസായെന്നും സ്‌കൂളിൽ ചേർക്കുമ്പോൾ പി​താവി​ന്റെ പേര് നൽകാൻ വി​വാഹം അനി​വാര്യമാണെന്നും യുവതി​ ഹർജിയിൽ വ്യക്തമാക്കുന്നു. വി​വാഹം കഴി​ക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമുള്ളതാണ്.

ഇരയെയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് വടക്കുംചേരിയും, പ്രതിയുമായി ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഇരയും നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി വാദം തള്ളിയിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലും നിർണായകമായി. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് യുവതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജാമ്യത്തിലിറങ്ങാൻ

കുറുക്കുവഴി?

കണ്ണൂർ: റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിലെത്തിയതോടെ ജാമ്യം ലഭിക്കാനായി പ്രതിയുടെ ഇടപെടലാണെന്ന സംശയം ബലപ്പെടുന്നു.

മൂന്ന് വകുപ്പുകൾ പ്രകാരം 60 വർഷം തടവുശിക്ഷയാണ് വടക്കുംചേരിക്ക് കോടതി വിധിച്ചത്. ഇത് കേരളത്തിലെ ഏറ്റവും കൂടിയ ശിക്ഷയായിരുന്നു. എന്നാൽ ഒന്നിച്ച് 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. മൂന്നുലക്ഷം രൂപ പിഴയിൽ നിന്ന് ഒന്നരലക്ഷം രൂപ ഇരയ്ക്ക് നൽകാനും വിധിച്ചിരുന്നു. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കൽ മാനേജരുമായിരുന്നു അന്ന് വയനാട് നടവയലിൽ റോബിൻ വടക്കുംചേരി (റോബിൻ മാത്യു- 51). ഇയാൾ ഉൾപ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിട്ടത്.

Advertisement
Advertisement