ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുൻപുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാൽ ഇദ്ദേഹം എന്ത് ചെയ്യും; രൂക്ഷവിമർശനവുമായി സിസ്റ്റർ ജസ്മി

Sunday 01 August 2021 1:08 PM IST

തിരുവനന്തപുരം: കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം തേടി പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ രൂക്ഷവിമർശനവുമായി സിസ്റ്റർ ജസ്മി. ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുൻപുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാൽ ഇദ്ദേഹം എന്ത് ചെയ്യുമെന്ന് സിസ്റ്റർ ചോദിക്കുന്നു.

സുപ്രീം കോടതി വിവേകപൂർവം കാര്യങ്ങൾ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് അവർ പറഞ്ഞു.റോബിൻ രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും സിസ്റ്റർ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സിസ്റ്ററുടെ പ്രതികരണം.

' റോബിന് ഈ ബന്ധം മാത്രമായിരുന്നില്ലെന്ന് ചികഞ്ഞുനോക്കിയാൽ മനസിലാകും.ഈ കുട്ടിയെ വിവാഹം കഴിച്ചിട്ട്, ഇതിനുമുൻപുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാൽ ഇദ്ദേഹം എന്ത് ചെയ്യും. എന്തായാലും കത്തോലിക്കാ സഭയുടെ എല്ലാ രൂപതകൾക്കും ഇപ്പോൾ ക്രിസ്ത്യാനി കുട്ടികളെയാണ് ആവശ്യം. ഈയൊരു കുട്ടി ഓൾറെഡി ഒരു ബോണസ് കിട്ടിയിട്ടുണ്ട്. അതിനെ ക്രിസ്ത്യാനിയായി വളർത്തിയിട്ട്, പിന്നെ കുറേ കുട്ടികളെ പ്രസവിക്കട്ടെ, നാലും അഞ്ചും ആറുമൊക്കെ...ഞാൻ ഇതെല്ലാം സരസമായി കാണുന്നത് ദു:ഖം കൊണ്ടാണ്. സർക്കാസ്റ്റിക്കായിട്ടാണ് കാണുന്നത്. കാരണം ഇതുപോലെ എല്ലാ ഇരകളും പുറത്തിറങ്ങാനായി പറഞ്ഞാൽ...ഇതൊക്കെ നമ്മൾ കണ്ടിട്ടുള്ളയാണ്. ഈ വക കുരുട്ടു ബുദ്ധിയൊക്കെയാണ് ഇവരുടെ തലയിൽ. ആ കുട്ടിയുടെ ജീവന് തന്നെ സംരക്ഷണം കിട്ടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അച്ഛന് രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് ഇത് ചെയ്യുന്നത്.'-സിസ്റ്റർ ജസ്മി പറഞ്ഞു.