ഓണക്കിറ്റ് വിതരണം പ്രമുഖരെ വിളിച്ച് ഫോട്ടോ എടുത്ത് വേണമെന്ന് സർക്കാ‌ർ നിർദ്ദേശം; നടക്കില്ലെന്ന് വ്യാപാരികൾ, വിവാദം

Sunday 01 August 2021 5:08 PM IST

തിരുവനന്തപുരം: നാളെ സംസ്ഥാനത്താകെ റേഷൻകടകളിൽ നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച് ഉദ്ഘാടനം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് നിർദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റർ പതിക്കണമെന്ന വിചിത്രമായ നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.

വിചിത്രമായ സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായി. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തിൽ പ്രമുഖർ കിറ്റ് നിതരണം ചെയ്യേണ്ടത്.ഇതിന് ശേഷം ആ ചിത്രം പോസ്‌റ്ററായി പതിക്കണം. എം.പി, എംഎൽഎ, അതല്ലെങ്കിൽ പഞ്ചായത്തംഗം വരെയുള‌ളവരിൽ ആരെയും ഉദ്ഘാടകനാക്കാമെന്നാണ് റേഷൻ ഇൻസ്‌പെക്‌ടർമാരും താലൂക്ക് സപ്ളൈ ഓഫീസർമാരും റേഷൻ വ്യാപാരികൾക്ക് സർക്കുലറിൽ നൽകിയ നിർദ്ദേശം.

ഉദ്ഘാടന ചിത്രം ഓഫീസർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇത് അനാവശ്യ ധൂർത്താണെന്ന് കാട്ടി ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നിർദ്ദേശം തള‌ളി.

അതേസമയം കിറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ നി‌ർദ്ദേശിച്ചതെന്നും തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയം ഇല്ലെന്നും ഓണക്കിറ്റിൽ രാഷ്‌ട്രീയം കലർത്തരുതെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.