ഒളിമ്പിക്സ്,​ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ,​ ബ്രിട്ടനെ 3-1ന് തകർത്തു

Sunday 01 August 2021 7:21 PM IST

ടോക്യോ: ഒളിമ്പിക്സിലെ പുരുഷൻമാരുടെ ഹോക്കിയിൽ 49 വർഷത്തിന് ശേഷം ഇന്ത്യ സെമിയിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇന്ത്യ ബെൽജിയത്തെ നേരിടും.

ഇതിന് മുമ്പ് 1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിലാണ് ഇന്ത്യ സെമിയിൽ കടന്നത്. അന്ന് ചിരവൈരികളായ പാകിസ്ഥാനോട് സെമിയൽ 2- 0ത്തിന് ഇന്ത്യ തോൽക്കുകയായിരുന്നു,​ 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിൽ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും അന്ന് സെമി ഫേനൽ മത്സരം ഉണ്ടായിരുന്നില്ല. ഗ്രൂപ്പ്ഘട്ടത്തിൽ മുന്നിലെത്തിയവർ ഫൈനൽ കളിക്കുകയായിരുന്നു.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ദില്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് നേടി.. 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിംഗിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. 45-ാം മിനിറ്റില്‍ ഇയാന്‍ സാമുവല്‍ വാര്‍ഡിലൂടെ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.ഗോള്‍പോസ്റ്റിന് കീഴില്‍ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ പ്രകടനവും നിര്‍ണായകമായി.