ബോട്ടുകൾ കടലിൽ ഇറങ്ങി

Monday 02 August 2021 12:57 AM IST

വൈപ്പിൻ: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധന ബോട്ടുകൾ ഇന്നലെ അർദ്ധരാത്രിക്ക് ശേഷം കടലിൽ ഇറങ്ങി. മുനമ്പം, മുരിക്കുംപാടം, വൈപ്പിൻ മേഖലകളിൽ നിന്ന് എഴുനൂറോളം ബോട്ടുകളാണ് കടലിലേക്ക് പോയത്. പൂവാലൻ, കരിക്കാടി, കിളിമീൻ, കണവ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുനമ്പം ഹാർബർ തരകൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എണ്ണൂറോളം മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി. ടെസ്റ്റ് നടത്തി പാസ് ലഭിച്ചവരെ മാത്രമാണ് മത്സ്യബന്ധനത്തിന് അനുവദിക്കുന്നത്.

ഇതിനിടെ ലേലക്കുറവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് കാളമുക്ക് ഹാർബറിൽ മത്സ്യ മൊത്ത കച്ചവടക്കാർ ലേലം ബഹിഷ്‌ക്കരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഫോർട്ട് വൈപ്പിൻ ഫിഷ് മർച്ചൻസ് അസോസിയേഷനും കാളമുക്ക് ഹാർബർ ഫിഷ് ട്രേഡേഴ്‌സ് അസോസിയേഷനും തമ്മിലാണ് തർക്കം. ബോട്ടുകളിൽ നിന്ന് ലേലത്തിൽ വരുന്ന മത്സ്യത്തിന്റെ വിലയിൽ 16 ശതമാനം കിഴിവ് നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. നിലവിൽ13 ശതമാനമാണ്. ഡീസൽ വില വർദ്ധനവും കൊവിഡ് നിയന്ത്രണങ്ങൾ മൂലവും തകർച്ച നേരിടുന്ന മത്സ്യ മേഖലക്ക് ലേലക്കുറവിലെ വർദ്ധനവ് താങ്ങാനാവില്ലെന്നാണ് ട്രേഡേഴ്‌സ് അസോസിയേഷന്റെ നിലപാട്. മുനമ്പം ഹാർബറിൽ13 ശതമാനമാണെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement