കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി,​ രണ്ടുപേർ കസ്റ്റഡിയിൽ, നാലുപേർ ഒളിവിൽ

Sunday 01 August 2021 10:58 PM IST

ബാലരാമപുരം: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.

നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ കാക്ക അനീഷ് എന്ന അനീഷ് (28) ആണ് മരിച്ചത്. സംഭവത്തിനുശേഷം കാഞ്ഞിരംപാറ മലമുകളിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് നാടൻ ബോംബുകളും കണ്ടെടുത്തു. നാലുപേർകൂടി കൊലപാതക സംഘത്തിലുണ്ടായിരുന്നുവെന്നും അവരെക്കൂടി പിടികിട്ടാനുണ്ടെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നരുവാമൂട് മുളക്കൽ പാലത്തിന് സമീപം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടഞ്ഞ് കിടക്കുന്ന അമൽ ഹോളോബ്രിക്സ് ആൻഡ് ടൈൽസ് കമ്പനിക്കുള്ളിലാണ് ആണ് കൊല നടന്നത്. അനീഷ് ഓടി രക്ഷപ്പെടാതിരിക്കാനായി കാലുകളിലാണ് പ്രതികൾ ആദ്യം വെട്ടിയത്. അനീഷിന്റെ ശരീരത്തിൽ വെട്ടേറ്റതിന്റെ നിരവധി പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് മാരായമുട്ടം ജോസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന അനീഷ് കാപ്പ നിയമ പ്രകാരം ജയിലായിരുന്നു. 20 ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. നരുവാമൂട്, നേമം, മലയിൻകീഴ്, മാരായമുട്ടം, നെയ്യാറ്റിൻകര സ്റ്റേഷനുകളിലായി 26 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ശനിയാഴ്ച വൈകിട്ട് 6വരെ അനീഷ് വീട്ടിലുണ്ടായിരുന്നതായി പിതാവ് മോഹനൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച ഏഴരയോടെ ഇയാൾ കുളങ്ങര കോണത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ മർദ്ദിച്ച് മാല കവർന്നതായി നരുവാമൂട് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.30ന് ഹോളോ ബ്രിക്സ് കമ്പനിയിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയ മ​റ്റുചില ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആളില്ലാത്ത വീടുകളും പൂട്ടി കിടക്കുന്ന കമ്പനികളും അനീഷ് പലപ്പോഴും താവളമാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിഷ്ണുജയയാണ് അനീഷിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.


റൂറൽ എസ്.പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചു. നെയ്യാ​റ്റിൻകര മാരായമുട്ടം, പെരുങ്കടവിള പ്രദേശങ്ങളിലെ മലമേഖലകളിലും മറ്റും റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ 200 ഓളം പൊലീസുകാർ പിടികിട്ടാനുള്ള പ്രതികൾക്കായി ഇന്നലെ രാത്രി തെരച്ചിൽ നടത്തി.