അജയ് ഗോപിനാഥിന്റെ വിജയകഥ ,​ ബാങ്ക്ജോലി ഉപേക്ഷിച്ച് എ.സി മുറിയിൽ കൃഷി,​ ദിവസവും ലാഭം 3,000 രൂപ

Sunday 01 August 2021 11:03 PM IST

കൊച്ചി: ബാങ്ക് ഉദ്യോഗം ഉപേക്ഷി​ച്ച് കൃഷിക്ക് ഇറങ്ങിയ എറണാകുളം ചിറ്റൂർ മുരളികയിൽ അജയ് ഗോപിനാഥ്

അതിനായി നിലമൊരുക്കിയത് വീട്ടിലെ രണ്ട് എ.സി മുറിയിൽ. നിരത്തിവച്ച ട്രേകളിലാണ് ക‌ൃഷി. ദിവസം ലാഭം മൂവായിരം രൂപ.

ധാന്യവി​ത്തുകൾ മുളപ്പി​ച്ച് തളിരിലയും തണ്ടും അതേപടി ഭക്ഷണമാക്കാൻ കഴിയുന്ന മൈക്രോഗ്രീൻ കൃഷിയിലാണ് വിജയത്തിളക്കം. പുതുതലമുറയുടെ ഭക്ഷണമായ ബർഗറിൽ കാണുന്നത് ഇതാണ്.

നാലുവർഷം മുമ്പ് നാല്പത്തിയാറാം വയസിലാണ് സിറ്റി ബാങ്കിലെ ജോലി ഉപേക്ഷിച്ചതെങ്കിലും വ്യാപാരത്തിനായി ഗ്രോഗ്രീൻ എന്ന സ്ഥാപനം തുടങ്ങിയത് ഒരു വർഷം മുമ്പാണ്.

പാക്കറ്റിലാക്കിയ ഇളംതണ്ടും ഇലകളും കൊച്ചി​യി​ലെ സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലുമാണ് വില്ക്കുന്നത്. ഓൺ​ലൈനായും വി​ല്ക്കും. ഒരു ദിവസം 10 കി​ലോ വരെ ഉത്പാദനമുണ്ടായിരുന്നു. കൊവി​ഡ് കാലമായതോടെ അഞ്ച് കിലോയാണ് ചെലവാകുന്നത്.

മുതൽമുടക്ക്, ലാഭം

100 ചതുരശ്ര അടി​ മുറി,എയർ കണ്ടീഷണർ, ഫാൻ, ലൈറ്റുകൾ

40-50 ട്രേകൾ,ഇവ നിരത്താൻ ഷെൽഫുകൾ

30,000രൂപ ഇവയ്ക്കു പുറമേ വേണ്ടിവരുന്ന മുതൽ മുടക്ക്

5-10 കിലോ: ഒരു ദിവസത്തെ വില്പന

150 രൂപ: നൂറു ഗ്രാമിന്റെ ഒരു പാക്കറ്റിന് വില

3000രൂപ: പ്രതിദിന ലാഭം

കൃഷിരീതി

രണ്ടു തട്ടുള്ള ട്രേയിൽ മുകളിൽ ചകിരിച്ചോറും താഴെ വെള്ളവും. ചകിരിച്ചോറിൽ വിത്തുകൾ പാകും. ട്രേയിലെ സുഷിരങ്ങളിലൂടെ വേരുകൾക്ക് താഴത്തെ തട്ടിലെ വെള്ളത്തിൽ തൊടാനാകണം.

താപനില 25 ഡിഗ്രിയിലും ഹ്യുമിഡിറ്റി 40-60 ശതമാനത്തിലും ക്രമീകരിക്കണം. വളപ്രയോഗമോ കീടനാശിനിയോ ഇല്ല. വൃത്തി​യി​ലാണ് കാര്യം. ആറു മുതൽ15 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഓരോ തവണയും ചകി​രി​ച്ചോറും വെള്ളവും മാറ്റും.

പോഷക കലവറ

വിറ്റാമിൻ, മിനറൽസ്, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നം. വേവിക്കാതെ കഴിക്കണമെന്നുമാത്രം. മലയാളികൾ സലാഡായാണ് കൂടുതലും ഉപയോഗിക്കുന്നത്.

വിത്തുകൾ

ബീറ്റ് റൂട്ട്, കടുക്, സൂര്യകാന്തി എന്നിവയ്ക്കു പുറമേ,റാഡിഷ് റെഡ്, റാഡിഷ് ചൈനീസ് റോസ്, പോക്‌ചോയ് തുടങ്ങിയ 15 ഇനങ്ങൾ. 150ലധികം വിത്തുകൾ ലഭ്യമാണ്. ബംഗളൂരു, ഛത്തീസ്ഗഡ്, പൂനെ എന്നിവിടങ്ങളിൽ നി​ന്ന് വരുത്താം. ചിലത് കേരളത്തിലും ലഭിക്കും.

സമ്പന്നർക്കുള്ളതാണ് മൈക്രോഗ്രീൻ എന്ന ധാരണ വേണ്ട. സാധാരണക്കാർക്കും കൃഷി ചെയ്യാം. ഉപയോഗിക്കാം.

-അജയ് ഗോപിനാഥ്.