സ്വർണപ്പറവയ്ക്ക് വെങ്കലസിന്ദൂരം, ടോക്യോയിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ, പി.വി സിന്ധുവിന് ബാഡ്മിന്റണിൽ വെങ്കലം

Sunday 01 August 2021 11:06 PM IST

ടോക്യോ: റിയോ ഒളിമ്പിക്സിലെ വെള്ളിമെഡലിനാെപ്പം ടോക്യോ ഒളിമ്പിക്സിലെ വെങ്കലമെഡലും സ്വന്തമാക്കി ഇന്ത്യൻ കായിക വിഹായസിലെ സ്വർണപ്പറവയായി ബാഡ്മിന്റൺ താരം പി.വി സിന്ധു.

ഇതോടെ ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗത മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരമെന്ന ചരിത്രവും സിന്ധു രചിച്ചു. ഇന്നലെ ലൂസേഴ്സ് ഫൈനലിൽ ചൈനീസ് താരം ഹി ബിൻ ജിയാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് ( 21-13, 21-15 )​ തോൽപ്പിച്ചാണ് 26കാരിയായ സിന്ധു ഇന്ത്യയുടെ ആവേശമായത്.

പുരുഷ ഗുസ്തിതാരമായ സുശീൽ കുമാർ (2008 വെങ്കലം, 2012 വെള്ളി) മാത്രമാണ് ഇതിന് മുമ്പ് രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കിയിട്ടുള്ളത്. ബാഡ്മിന്റണിൽ രണ്ട് ഒളിമ്പിക് മെഡലുകളും ലോക ചാമ്പ്യൻഷിപ്പിലെ സ്വർണവും നേടിയ ഏക ഇന്ത്യൻ താരവുമാണ് പി.വി സിന്ധു. മീരാഭായ് ചാനുവിന്റെ വെള്ളിക്ക് ശേഷം ടോക്യോയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണ് സിന്ധു കുറിച്ചത്.

റിയോയിലെ വെള്ളി സ്വർണമാക്കാൻ ഇറങ്ങിയ സിന്ധു സെമി ഫൈനലിൽ ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോട് തോറ്റതോടെയാണ് വെങ്കല മെഡലിനായുള്ള മത്സരത്തിന് കളമൊരുങ്ങിയത്. സെമിയിലെ തിരിച്ചടിയിൽ തളരാതെ ഹി ബിൻ ജിയാവോയ്‌ക്കെതിരെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ആവേശത്തോടെ പൊരുതിയാണ് സിന്ധു വെങ്കലത്തിൽ മുത്തമിട്ടത്.

സിന്ധുവിന്റെ ചരിത്രനേട്ടങ്ങൾ

തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം.

ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും വേൾഡ് സൂപ്പർ സിരീസ് ഫൈനൽസിലും മെഡൽ നേടുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം.

അഭിനന്ദന വർഷം

രണ്ടാം ഒളിമ്പിക് മെഡൽ നേടിയ സിന്ധുവിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,മുൻ കായികമന്ത്രി കിരൺ റിജിജു,ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി വിവിധ തുറയിലുള്ളവർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

നഷ്ടപ്പെട്ട ഫൈനലിനെ ഓർത്ത് ദുഃഖിക്കാനല്ല, രാജ്യത്തിന് ലഭിച്ച ഒളിമ്പിക് മെഡലിൽ അഭിമാനിക്കാനാണ് ഞാൻ ഇഷ്‌‌ടപ്പെടുന്നത്. വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് ഈ മെഡൽ. എന്നെ പിന്തുണച്ച കുടുംബത്തിനും പരിശീലകർക്കും സർക്കാരിനും സ്പോൺസർമാർക്കും ആരാധകർക്കും അളവില്ലാത്ത നന്ദി.

- പി.വി സിന്ധു.

ഹോക്കിയിൽ സെമിയിൽ

49 വർഷത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിന്റെ സെമി ഫൈനലിലെത്തി. ഇന്നലെ ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് കീഴടക്കി. സെമിയിൽ നാളെ ബെൽജിയമാണ് എതിരാളികൾ. വനിതകൾ ഇന്ന് ആസ്ട്രേലിയയ്ക്ക് എതിരെ ക്വാർട്ടർ ഫൈനലിനിറങ്ങും.

ലെമോണ്ട് ജേക്കബ്സ് വേഗരാജാവ്

പുരുഷന്മാരുടെ 100 മീറ്ററിൽ 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സ് അപ്രതീക്ഷിത ജേതാവായി. 9.84 മീറ്ററിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഫ്രെഡ് കേളി വെള്ളിയും 9.89 സെക്കൻഡിൽ ഓടിയെത്തിയ കാനഡയുടെ ഡി ഗ്രാസ് വെങ്കലവും സ്വന്തമാക്കി.

Advertisement
Advertisement