കടലോര വില്ലകൾക്ക് കരാർ ക്ഷണിച്ച് ലക്ഷദ്വീപ് ഭരണകൂടം
Sunday 01 August 2021 11:25 PM IST
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കടലോര വില്ലകൾ നിർമ്മിക്കുന്നതിന് കരാർ ക്ഷണിച്ച് ഭരണകൂടം. മിനിക്കോയിൽ 319 കോടി രൂപ ചെലവിൽ 150 വില്ലകളാണ് നിർമ്മിക്കുന്നത്. സുഹേലിയിൽ 247 കോടിയുടെയും, കടമത്ത് ദ്വീപിൽ 240 കോടിയുടെയും പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള വില്ലകൾ നിർമ്മിക്കാനാണ് കരാർ. മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തികരിക്കണമെന്നും കരാർ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിൽ പറയുന്നു. സ്വകാര്യ കമ്പനികൾക്കായിരിക്കും വില്ലകളുടെ നടത്തിപ്പ് ചുമതല. അതേസമയം, ഇത്തരം കെട്ടിടങ്ങൾ ദ്വീപിലെ മണ്ണിന് യോജിച്ചതാണോ എന്നതു സംബന്ധിച്ച് പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും സ്വകാര്യ വ്യക്തികൾക്ക് ദ്വീപ് വിൽക്കുന്ന നടപടിയാണിതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.