ടി.പി.ആർ കുറയ്ക്കണമെന്ന് കേന്ദ്ര സംഘം

Monday 02 August 2021 12:02 AM IST
ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘം കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി രവീന്ദ്രൻ സംസാരിക്കുന്നു

കോഴിക്കോട് : കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പഠനസംഘം കോഴിക്കോട്ടെത്തി. രാജ്യത്ത് കൊവിഡ് വ്യാപനം വലിയ തോതിലുള്ള ജില്ലയാണ് കോഴിക്കോട്. കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡിയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ , കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ. രഘു എന്നിവരാണ് കോഴിക്കോട്ടെത്തിയത്. ജില്ലയിലെ കൊവിഡ് വ്യാപന നിരക്ക്,​ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ,​ ചികിത്സാ സംവിധാനങ്ങൾ,​ വാക്‌സിനേഷൻ പുരോഗതി എന്നിവ സംഘം പരിശോധിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ നിർദ്ദേശം.ജില്ലയിൽ വാക്‌സിൻ വിഹിതം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കളക്ടർ ശ്രദ്ധയിൽപെടുത്തി.

യോഗത്തിൽ അഡീഷണൽ ഡി.എം.ഒമാരായ ഡോ. പീയൂഷ് എം, ഡോ. എൻ.രാജേന്ദ്രൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.നവീൻ, ആർ.സി.എച്ച് ഓഫീസർ ഡോ. മോഹൻദാസ്, നോഡൽ ഓഫിസർ ഡോ. അനുരാധ , കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാർ, വിവിധ നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

അതിനിടെ വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രസംഘത്തെ ചാലിയത്ത് തടഞ്ഞു. ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ സി.പി.എം പ്രവർത്തകർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെന്ന് ഇവർ ആരോപിച്ചു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

Advertisement
Advertisement