250 കേന്ദ്രങ്ങളിൽ വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം

Monday 02 August 2021 12:51 AM IST

കൊല്ലം: എല്ലാ പ്രദേശങ്ങളിലും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് ജില്ലയിലെ 250 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അശാസ്ത്രീയമായ ടി.പി.ആർ, കാറ്റഗറി വ്യവസ്ഥകൾ ഒഴിവാക്കി വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുതൽ വെള്ളി വരെ സെക്രട്ടേറിയറ്റ് നടയിൽ സംസ്ഥാന-ജില്ലാ ഭാരവാഹികൾ നടത്തുന്ന ധർണയുടെ ഭാഗമായാണ് പ്രകടനം.

സെക്രട്ടറിയേറ്റ് നടയിലെ ധർണയിൽ നാളെ ജില്ലയിലെ ഭാരവാഹികൾ പങ്കെടുക്കും. സർക്കാർ അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ ദേശീയ വ്യാപാരിദിനമായ ആഗസ്റ്റ് 9 ന് ജില്ലയിലെ മുഴുവൻ കടകളും തുറക്കാനും യോഗം തീരുമാനിച്ചു. എല്ലാ വായ്പകളുടേയും തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന വ്യാപാരികൾക്ക് 5 ലക്ഷം രൂപ വായ്പ സർക്കാർ ഗാരണ്ടിയിൽ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, മറ്റ് ഭാരവാഹികളായ എസ്.കബീർ, ബി.രാജീവ്, കെ.രാമഭദ്രൻ, എസ്.നീഷറുദ്ദീൻ, എൻ.രാജീവ്, കെ.ജെ.മേനോൻ, എം.എം.ഇസ്മയിൽ, ജോജോ കെ. എബ്രഹാം, എ.കെ.ഷാജഹാൻ, എ.അൻസാരി, ജി.രാജൻ കുറുപ്പ്, നവാസ് പുത്തൻവീട്, ഡി. വാവാച്ചൻ, ബി.വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.