പി.എം.എ.വൈ: ജില്ലയിൽ ഈ വർഷം 1275 പേർക്ക് വീട്

Monday 02 August 2021 1:01 AM IST

കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിലൂടെ ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലുള്ള 1275 ഭവനരഹിതർക്ക് ഈ സാമ്പത്തിക വർഷം വീട് ലഭിക്കും. 2011ലെ സാമൂഹ്യ സാമ്പത്തിക സർവ്വേയിലെ ഭവനരഹിതരിൽ ഇതുവരെ ആനുകൂല്യം ലഭിക്കാത്തവർക്കും പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി നടത്തിയ പുതിയ ആവാസ് പ്ലസ് സർവ്വേയിൽ ഉൾപ്പെട്ടവർക്കുമാണ് ആനുകൂല്യം.

ഭൂമി ഉള്ളവർക്കു മാത്രമേ വീട് നിർമ്മാണത്തിന് പണം അനുവദിക്കൂ. സാമൂഹിക സാമ്പത്തിക സർവ്വേ പട്ടികയിൽ ഇനി അവശേഷിക്കുന്നവരിൽ 54 പേർക്കാണ് സ്വന്തമായി ഭൂമിയുള്ളത്. അതിൽ 25 പേരുടെ ഭൂമിയിൽ വീട് നിർമ്മാണത്തിന് അനുമതി ലഭിക്കാൻ തടസങ്ങളുണ്ട്. ആവാസ് പ്ലസ് പദ്ധതിയിൽ 1250 പേർക്കെങ്കിലും വീട് ലഭിക്കും. ജില്ലയിലെ ആവാസ് പ്ലസ് പട്ടികയിൽ 15,000 പേരുണ്ട്. . ഒരാഴ്ചയ്ക്കുള്ളിൽ ഈ പട്ടിക അന്തിമമായി പരിശോധിച്ച് പ്രസിദ്ധീകരിക്കും. ഇതിൽ ഭൂമി ഇല്ലാത്തവരുമുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവരെ ലൈഫ് പദ്ധതിലേക്ക് മാറ്റും. ബാക്കിയുള്ളവർക്കാകും പി.എം.എ.വൈ പദ്ധതിയിൽ നിന്നു പണം അനുവദിക്കുക. കേന്ദ്ര- സംസ്ഥാന വിഹിതം കഴിഞ്ഞുള്ള തുക ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ വഹിക്കും.

4 ലക്ഷം: ഒരു ഗുണഭോക്താവിന് ലഭിക്കുന്ന തുക

1.20 ലക്ഷം: കേന്ദ്ര, സംസ്ഥാന വിഹിതം

.

ഈവർഷം വീട് ലഭിക്കുന്ന വിഭാഗങ്ങൾ

 എസ്.സി- 832

 എസ്.ടി- 23

 ന്യൂനപക്ഷം -191

 പൊതുവിഭാഗം- 229

Advertisement
Advertisement