മത്സ്യസാങ്കേതികവിദ്യ വികസിപ്പിക്കാൻ കിംഗ്‌സിന്റെ സംയുക്ത സംരംഭം

Monday 02 August 2021 3:10 AM IST

കൊച്ചി: വാണിജ്യപരമായി പ്രാധാന്യമുള്ള മത്സ്യയിനങ്ങൾ കുളത്തിൽ വളർത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സംയുക്ത സംരംഭത്തിന് തമിഴ്‌നാട് ജെ. ജയലളിത ഫിഷറീസ് യൂണിവേഴ്‌സിറ്റിയും കിംഗ്‌സ് ഇൻഫ്രാ വെഞ്ച്വേഴ്‌സ് ലിമിറ്റഡും കരാർ ഒപ്പുവച്ചു. സർവകലാശാല ഗവേഷണവും വിശകലനവും നടത്തുന്ന പദ്ധതിയുടെ പശ്ചാത്തലസൗകര്യവും ചെലവും കിംഗ്സ് ഏറ്റെടുക്കും.
സുസ്ഥിര മത്സ്യകൃഷി പ്രയോജനപ്പെടുത്തി ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനാമി ചെമ്മീൻ ഉത്പാദനത്തിന് കുളങ്ങളിൽ പുനഃചംക്രമണ മത്സ്യകൃഷിക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുക, കടൽ മീനുകളായ കോബിയ, പോംപാനോ, സീബാസ് എന്നിവ കുളത്തിൽ വളർത്താൻ സാങ്കേതികവിദ്യ വികസിപ്പിക്കുക, കർഷകർക്ക് പരിശീലനം ഒരുക്കുക എന്നിവയാണ് പദ്ധതിയെന്ന് കിംഗ്‌സ് ഇൻഫ്രാ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോൺ പറഞ്ഞു. തൂത്തുക്കുടിയിലെ ചിപ്പിക്കുളത്തെ കിംഗ്‌സിന്റെ കൃഷിയിടത്തിലാണ് സംരംഭം.
കൊച്ചി ആസ്ഥാനമായ കിംഗ്‌സ് ഇൻഫ്ര സുസ്ഥിര മത്സ്യകൃഷി രംഗത്തെ പ്രമുഖരാണ്. 1987ൽ ഇന്ത്യയിൽ ആദ്യത്തെ സംയോജിത മത്സ്യകൃഷിക്കുളം ആരംഭിച്ചത് കിംഗ്സാണ്.