തുടർച്ചയായ രണ്ടാംമാസവും ഇന്ധന ഉപഭോഗക്കുതിപ്പ്
പെട്രോൾ വില്പന കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്തി
ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയയുകയും ഗതാഗതം സജീവമാകുകയും ചെയ്‌തതോടെ രാജ്യത്ത് ഇന്ധന ഉപഭോഗം നേട്ടത്തിന്റെ ട്രാക്കിലെത്തി. പെട്രോൾ ഉപഭോഗം കൊവിഡിന് മുമ്പത്തേക്കാൾ ഉയർന്ന നിലയിലെത്തിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞമാസം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 2.37 മില്യൺ ടൺ പെട്രോളാണ് വിറ്റഴിച്ചത്; 2020 ജൂലായേക്കാൾ 17 ശതമാനവും 2019 ജൂലായേക്കാൾ 3.56 ശതമാനവുമാണ് വർദ്ധന. ഡീസൽ വില്പന 12.36 ശതമാനം വർദ്ധിച്ച് 5.45 മില്യൺ ടണ്ണിലെത്തി. 2019 ജൂലായേക്കാൾ 10.9 ശതമാനം കുറവാണിത്.
തുടർച്ചയായ രണ്ടാംമാസമാണ് രാജ്യത്ത് ഇന്ധന ഉപഭോഗം ഉയരുന്നത്. കഴിഞ്ഞ മാർച്ചിൽ ഉപഭോഗം കൊവിഡിന് മുമ്പത്തെ നിലയിൽ എത്തിയിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗം മൂലം ഏപ്രിൽ, മേയിൽ മാസങ്ങളിൽ ഇടിഞ്ഞു. ആഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന ഡിമാൻഡാണ് മേയിൽ രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങൾ മാറിത്തുടങ്ങിയതിനാൽ വരുംമാസങ്ങളിൽ വില്പന കൂടുമെന്നും ഡീസലും വൈകാതെ വില്പന സാധാരണ സ്ഥിതിയിലെത്തുമെന്നും കഴിഞ്ഞദിവസം ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ അഭിപ്രായപ്പെട്ടിരുന്നു.
ദീപാവലിയോടെ ഡീസലും വർഷാന്ത്യത്തോടെ വ്യോമ ഇന്ധനവും സാധാരണനിലയിൽ എത്തുമെന്നാണ് ഇന്ത്യൻ ഓയിലിന്റെ വിലയിരുത്തൽ. എൽ.പി.ജി ഉപഭോഗം നിലവിൽ കൊവിഡിന് മുമ്പത്തെ നിലയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ഉപഭോഗം 4.05 ശതമാനം ഉയർന്ന് 2.36 മില്യൺ ടണ്ണിലെത്തി. 2019 ജൂലായേക്കാൾ 7.55 ശതമാനം അധികമാണിത്. വ്യോമ ഇന്ധന (എ.ടി.എഫ്) വില്പന കഴിഞ്ഞവർഷം ജൂലായേക്കാൾ 29.5 ശതമാനം വർദ്ധിച്ച് 2.91 ലക്ഷം ടണ്ണിലെത്തിയെങ്കിലും 2019 ജൂലായേക്കാൾ 53.1 ശതമാനം കുറവാണിത്.
മാറാതെ വില
ജൂലായ് 17ന് ശേഷം എണ്ണവിതരണ കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല. പെട്രോളിന് 103.82 രൂപയും ഡീസലിന് 96.47 രൂപയുമാണ് തിരുവനന്തപുരം വില.