സ്‌പേസ് പാർക്കിന് പുതുജീവൻ,​ പുതിയ പ്രോജക്ട് ഡയറക്ടർ ഇന്ന് ചുമതലയേൽക്കും

Monday 02 August 2021 1:23 AM IST

തിരുവനന്തപുരം: കൊവിഡ് കുറഞ്ഞതോടെ അടുത്തമാസം ഐ.എസ്.ആർ.ഒ വിക്ഷേപണദൗത്യങ്ങൾ പുനരാരംഭിക്കാനിരിക്കെ സംസ്ഥാന സർക്കാർ സ്‌പേസ് പാർക്കും സജീവമാക്കുന്നു. സ്‌പേസ് പാർക്കിന്റെ പ്രോജക്ട് ഡയറക്ടറായി വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞനും പി.എസ്.എൽ.വി, ജി.എസ്.എൽ.വി റോക്കറ്റുകളുടെ ഖരഇന്ധന യന്ത്രരൂപകല്പനയിലും നിർമ്മാണത്തിലും വികസനത്തിലും വിദഗ്ദ്ധനുമായ ജി.ലെവിൻ ഇന്ന് ചുമതലയേൽക്കും. ഇതോ‌ടെ ഐ.എസ്.ആർ.ഒ.യുടെ പുതിയ പദ്ധതികളിൽ സ്‌പേസ് പാർക്കിന് സജീവപങ്കാളിത്തം വരും.

വലിയ നിക്ഷേപവും നിരവധി സംരംഭകരും സ്‌പേസ് പാർക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ആദ്യ ഐ.ടി പാർക്ക് തുടങ്ങിയ കേരളത്തിൽ ആരംഭിച്ച ആദ്യ സ്‌പേസ് പാർക്ക് പക്ഷേ, സ്വർണക്കടത്ത് വിവാദവും കൊവിഡും ലോക്ക്‌ഡൗണും മൂലം നിറംമങ്ങിയിരിക്കുകയായിരുന്നു. സ്‌പേസ് പാർക്കിൽ ഉന്നത പദവിയിൽ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ നിയമിച്ചുവെന്ന ആക്ഷേപമാണ് ചീത്തപ്പേരുണ്ടാക്കിയത്. തിരുവനന്തപുരത്തെ നോളഡ്ജ് സിറ്റിയോട് ചേർന്ന് കേരള ഐ.ടി ഇൻഫ്രാസ്ട്രക്ടചർ ലിമിറ്റഡ് 16 ഏക്കറിൽ ആരംഭിച്ച സ്‌പേസ് പാർക്കിൽ നിലവിൽ കെ.എസ്.ഐ.ടി.ഐ.എൽ ആസ്ഥാനവും ഐ.സി.ടി അക്കാഡമിയും സ്റ്റാർട്ട് മിഷന്റെ കേന്ദ്രവും മാത്രമാണുള്ളത്.

സംസ്ഥാനത്തെ ബഹിരാകാശ വ്യവസായ സാദ്ധ്യത വളരെ വിപുലമാണ്. ഐ.എസ്.ആർ.ഒ.യുടെ 45ശതമാനം ജോലികളും നടക്കുന്നത് തിരുവനന്തപുരത്താണ്. സ്‌പേസ് പാർക്കിന് ഐ.എസ്. ആർ.ഒ.യുമായി സഹകരണ ധാരണയുണ്ട്. പുതിയ പ്രോജക്ടുകൾ ഐ.എസ്. ആർ.ഒയുമായി ചേർന്ന് ക്രോഡീകരിച്ച് സ്‌പേസ്‌ പാർക്ക് പരസ്യംചെയ്യും. അത് ഏറ്റെടുക്കാൻ നിരവധി സംരംഭകരും സ്റ്റാർട്ടപ്പുകളും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. അത് സ്‌പേസ് പാർക്കിനും സംസ്ഥാനത്തിനും വളർച്ചയ്ക്ക് സഹായകമാകും.

-ജി.ലെവിൻ

സ്‌പേസ് പാർക്ക്

  • ഇന്ത്യയിലെ സ്‌പേസ് വ്യവസായ വ്യാപാരമൂല്യം 84682 കോടിരൂപ
  • നിലവിൽ പ്രവർത്തിക്കുന്ന സ്വകാര്യസംരംഭകർ 380
  • നിലവിൽ സഹകരിക്കുന്ന മേഖല: മെറ്റീരിയൽ സപ്ളൈ, മെക്കാനിക്കൽ ഇന്റർഗ്രേഷൻ,ഇലക്ട്രോണിക്സ് ഇന്റഗ്രേഷൻ,സിസ്റ്റം ഡെവലപ്മെന്റ്, ഇന്റഗ്രേഷൻ
  • പുതുതായി തുറന്നുകൊടുക്കുന്ന മേഖല: ഗവേഷണം,വിക്ഷേപണം. ഉപഗ്രഹനിർമ്മാണം, ചെറിയ റോക്കറ്റ്നിർമ്മാണം, ടെസ്റ്റിംഗ്
  • തിരുവനന്തപുരത്തെ സ്‌പേസ് സ്ഥാപനങ്ങൾ: വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഐ.ഐ.എസ്.യു, ഐസർ

ജി.ലെവിൻ

വക്കം മണലി വടപ്പുറത്ത് പരേതനായ ഗോപാലന്റെയും നളിനിയുടെയും മകനാണ്. ശിവഗിരി എസ്.എൻ കോളേജിലും തിരുവനന്തപുരം സി.ഇ.ടിയിലുമായിരുന്നു വിദ്യാഭ്യാസം. 1983ൽ ഐ.എസ്.ആർ.ഒയിൽ ചേർന്നു. തിരുവനന്തപുരം പേട്ടയിലാണ് താമസം. ഭാര്യ:രമ, മക്കൾ എൻജിനിയറിംഗ് വിദ്യാർത്ഥികളായ ജെനിൻ,ജീന.