മുറിവേറ്റിട്ടും പൊരുതി, വീറോടെ മടക്കം സല്യൂട്ട് യു, സതീഷ്

Monday 02 August 2021 1:40 AM IST

ഏഴു തുന്നലുകളുമായിറങ്ങി ബോക്സിംഗ് ക്വാർട്ടറിൽ പൊരുതിത്തോറ്റ് സതീഷ്

ടോക്യോ : ഒളിമ്പിക്സിലെ ആദ്യ മത്സരം ഇന്ത്യൻ സൂപ്പർ ഹെവിവെയ്റ്റ് ബോക്സർ സതീഷ് കുമാറിന് സമ്മാനിച്ചത് അവിസ്മരണീയ വിജയം മാത്രമല്ല, തലയിൽ ഏഴു കുത്തിക്കെട്ടുകൾ കൂടിയാണ്. കണ്ണിന് മുകളിലും താടിയിലുമുള്ള ഈ മുറിവുകളുമായി ഇന്നലെ ക്വാർട്ടർ ഫൈനലിനായി ലോക ചാമ്പ്യൻ ബഖാദിർ ജലാലോവിന് എതിരെ ഇറങ്ങിയ സതീഷ് ഇടികൊണ്ട് രക്തം കിനിഞ്ഞിട്ടും മൂന്നുറൗണ്ടുകളും പിടിച്ചുനിന്നു എന്നത് അദ്ദേഹത്തിലെ സൈനിക വീര്യത്തിന്റെ തെളിവായിരുന്നു. 5-0ത്തിന് ജലാലോവ് ജയിച്ചെങ്കിലും തനിക്ക് ഏറെക്കുറെ അപ്രാപ്യനായ എതിരാളിയെ കിട്ടിയ സമയത്തെല്ലാം ഇടിക്കാൻ ഉശിരുകാട്ടിയ ശേഷമാണ് സതീഷ് തോൽവി സമ്മതിച്ചത്. ജയിച്ചിരുന്നെങ്കിൽ സതീഷ് ഒളിമ്പിക് മെഡൽപ്പട്ടികയിൽ ഇടംപിടിച്ചേനെ. പക്ഷേ ഈ തോൽവിയിലും ഇന്ത്യൻ കായിക ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയാണ് സതീഷ് മടങ്ങുന്നത്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയാണ് റിംഗിൽ ക്വാർട്ടർ ഫൈനലിന് സതീഷും ജലാലോവും ഇറങ്ങിയപ്പോൾ തോന്നിയത്. ഒരുവശത്ത് ചെങ്കുപ്പായത്തിൽ ആറടി ഏഴിഞ്ച്(201 സെന്റീമീറ്റർ) പൊക്കവും നൂറിലേറെ കിലോ ഭാരവുമുള്ള ജലാലോവ്.മറുവശത്ത് മുറിവേറ്റ് തുന്നിക്കെട്ടിയ മുഖവുമായി ആറടി രണ്ടിഞ്ച് ഉയരമുള്ള സതീഷ്. ആകാരത്തിൽ ജലാലോവിന് മുന്നിൽ ഒന്നുമായിരുന്നില്ല സതീഷ്. പക്ഷേ ഇന്ത്യയുടെ ദാവീദിന് യുദ്ധം ജയിക്കാനായില്ല.

ആദ്യ റൗണ്ടുമുതൽ ജലാലോവുതന്നെയായിരുന്നു മുന്നിൽ. തന്റെ ശാരീരിക മികവുകൊണ്ടും അപാരമായ ഫുട്‌വർക്കുകൊണ്ടും സതീഷിന് മേൽ വ്യക്തമായ ആധിപത്യം നേടിയ ജലാലോവിനെ തിരിച്ചടിക്കാൻ കിട്ടിയ ഒരവസരവും ഇന്ത്യൻ താരം പാഴാക്കിയില്ല. ആദ്യ റൗണ്ടിൽ എല്ലാ ജഡ്ജ്മാരും ജലാലോവിനെ പിന്തുണച്ചു. അടുത്ത രണ്ട് റൗണ്ടുകളിലും ഇതുതന്നെ ആവർത്തിച്ചു. രണ്ടാം റൗണ്ടിലാണ് ജലാലോവിന്റെ ഒരിടി സതീഷിന്റെ പുരികത്തിന് താഴെയുള്ള മുറിവിൽ കൊണ്ട് ചോര ചീറ്റിയത്. എന്നാൽ കോച്ചിനെ വിളിച്ച് രക്തം തുടപ്പിച്ച ശേഷം മത്സരം തുടരുകയായിരുന്നു ഇന്ത്യയുടെ പട്ടാളക്കാരൻ. മൂന്നാം റൗണ്ടിന് മുമ്പും റൗണ്ടിനിടയിലും രക്തം തുടച്ചുമാറ്റേണ്ടിവന്നു. എങ്കിലും മണിമുഴങ്ങുന്നതുവരെ പൊരുതിനൽക്കാൻ സതീഷ് ഉശിര് കാട്ടി.

പ്രീ ക്വാർട്ടർ കഴിഞ്ഞപ്പോൾത്തന്നെ ക്വാർട്ടറിനിറങ്ങാൻ സതീഷിന് കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു.എന്നാൽ ഇന്നലെ മത്സരത്തിന് തൊട്ടുമുമ്പ് മെഡിക്കൽ പരിശോധനയിൽ ഫിറ്റ്നസ് തെളിയിച്ച് സതീഷ് പോരിനിറങ്ങുകയായിരുന്നു. ഈ പരിക്കും വച്ച് ജലാലോവിനെപ്പോലെ വലിയ ഒരു എതിരാളിയുമായുള്ള മത്സരത്തിൽ നിന്ന് സതീഷിന് പിന്മാറാമായിരുന്നു.ജയിക്കുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നെങ്കിലും രാജ്യത്തിന് വേണ്ടി പൊരുതാൻ സതീഷ് കാട്ടിയ ആ മനക്കരുത്തിന് ഒരു സ്വർണപ്പതക്കം തന്നെ നൽകണം.

Advertisement
Advertisement