ജേക്കബ്സ് റോക്കറ്റ്

Monday 02 August 2021 1:47 AM IST

ഇറ്റാലിയൻ താരം മാഴ്‌സൽ ജേക്കബ്സ് ടോക്യോയിലെ വേഗമേറിയ താരം

ജേക്കബ്‌സിന്റെ ഫിനിഷ് യൂറോപ്യൻ റെക്കാഡ് തിളക്കത്തോടെ

ഒളിമ്പിക്സിൽ യൂറോപ്പുകാരൻ വേഗമേറിയ തരമാകുന്നത് 29 വർഷത്തിന് ശേഷം

ടോക്യോ: ബോൾട്ട് യുഗത്തിന് ശേഷം ഒളിമ്പിക്സ് ട്രാക്കിൽ ഇറ്രാലിയൻ വിപ്ലവം. ബോൾട്ടിന്റെ നാട്ടുകാരാരുമില്ലാതിരുന്ന പുരുഷൻമാരുടെ 100 മീറ്റർ ഫൈനലിൽ മിന്നിൽപ്പിണർ പോലെ കുതിച്ചെത്തി ഇറ്രാലിയൻ താരം മാഴ്സെൽ ജേക്കബ്‌സ് ടോക്യോയിലെ വേഗമേറിയ താരമായി. 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജേക്കബ്സ് സ്വർണം സ്വന്തമാക്കിയത്. അമേരിക്കൻ താരം ഫ്രെഡ് കെർലി 9.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിയും കനേഡിയ താരം ആന്ദ്രേ ഡി ഗ്രാസ്സ് 9.89 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും നേടി. 2016ൽ റിയോയിലും ഡി ഗ്രാസ്സ് വെങ്കലം നേടിയിരുന്നു. മൂവരുടേയും കരിയറിലെ ഏറ്രവും മികച്ച സമയമാണ് ഒളിമ്പിക്സ് ഫൈനലിൽ കുറിച്ചത്.

യൂറോപ്യൻ റെക്കാഡോടെയാണ് 26കാരനായ ജേക്കബ്സിന്റെ സുവർണ ഫിനിഷ്. 100 മീറ്ററിൽ ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇറ്രലിക്കാരൻ എന്ന റെക്കാഡ‌ും ജേക്കബ്‌സ് സ്വന്തമാക്കി. 1992ൽ ബ്രിട്ടന്റെ ലിൻഫോർഡ് ക്രിസ്റ്റി സ്വർണം നേടിയ ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ താരം ഒളിമ്പിക്സിൽ വേഗമേറിയ താരമാകുന്നത്. ഒരു വ്യാഴവട്ടത്തിനു ശേഷമാണ് ഒളിമ്പിക്സ് 100മീറ്ററിൽ ബോൾട്ടല്ലാതെ മറ്റൊരു ചാമ്പ്യനുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും ബോൾട്ടായിരുന്നു വേഗമേറിയ താരം.

ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ (9.93 സെക്കൻഡ്) നാലാമതും യു.എസ് താരം റോണി ബാകെർ (9.95 സെക്കൻഡ്) അഞ്ചാമതും ഫിനിഷ് ലൈൻ കടന്നു. സെമിഫൈനലിൽ ഏഷ്യൻ റെക്കാഡോടെ (9.83 സെക്കൻഡ്) ഓടിയെത്തിയ ചൈനീസ് താരം സൂ ബിൻഗ്‌റ്റിയാന് പക്ഷേ ഫൈനലിൽ 9.98 സെക്കൻഡിൽ ആറാമതെത്താനെ കഴിഞ്ഞുള്ളൂ. ഗ്രേറ്ര് ബ്രിട്ടൺ താരം ഷാർനെൽ ഹ്യൂസ് ഫൗൾസ്‌റ്രാർട്ടായി അയോഗ്യനായതോടെ ഏഴ് പേരാണ് ഫൈനലിൽ ഓടിയത്. നൈജീരിയയുടെ അഡേഗോക്കയ്ക്ക് ഓട്ടത്തിനിടെ ഹാംസ്‌ട്രിംഗ് ഇഞ്ച്വറി ഉണ്ടായതിനാൽ മത്‌സരം പൂർത്തീകരിക്കാനനായില്ല.

ബ്ലേക്കും ബ്രൊമ്മലും സെമിയിൽ തീർന്നു

പുരുഷൻമാരുടെ 100 മീറ്ററിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന അമേരിക്കയുടെ ട്രയ്‌വോൺ ബ്രൊമ്മലും. 100 മീറ്ററിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയത്തിന്റെ അവകാശിയായ ജമൈക്കയുടെ യൊഹാൻ ബ്ലേക്കും ഫൈനലിലേക്ക് യോഗ്യത നേടാതെ സെമിയിൽ പുറത്തായി.

സെമിയിൽ ഒന്നാം ഹീറ്റ്‌സിൽ മത്സരിച്ച ബ്ലേക്ക് 10.14 സെക്കൻഡിൽ ആറാമതായാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്ര്‌സിലിറങ്ങിയ ബ്രൊമ്മൽ 10 സെക്കൻഡിൽ മൂന്നാമതാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ജൂണിൽ 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരമാണ് ബ്രൊമ്മൽ.

ഹൈവോൾട്ടേജ് ഹൈജമ്പ്

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പുരുഷൻമാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബർഷിമും ഇറ്രലിയുടെ ജിയാൻമാർക്കോ ടാമ്പേരിയും സ്വർണം പങ്കിട്ടു.ഒളിമ്പിക്സിൽ ഒരു ഇനത്തിൽ രണ്ട് പേർ സ്വർണം നേടിയാൽ ആ ഇനത്തിൽ വെള്ളി നൽകില്ല വെങ്കലമേ ഉണ്ടാകൂ. ബെലാറസിന്റെ മാക്സിം നെഡാസകൗ വെങ്കലം നേടി. മൂവരും ക്ലിയർ ചെയ്തത് 2.37 മീറ്റർ ആണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും ഈ ഇനത്തിൽ വെങ്കലം നേടിയ താരമാണ് ഖത്തറിന്റെ ബർഷിം.

ലോക റെക്കാഡ് തിരുത്തി റോഹാസ്

വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ലോക റെക്കാഡ് തിരുത്തി വെനിസ്വേലൻ താരം യൂലിമർ റോഹാസ് സ്വർണം നേടി. 15.67 മീറ്രറാണ് ചാടിയാണ് റോഹാസ് റെക്കാഡ് തിരുത്തിയത്. ഉക്രൈന്റെ ഇനേസ ക്രവേൽസ് 1995ൽ കുറിച്ച (15.50 മീറ്രർ) റെക്കാഡാണ് റോഹാസ് സ്വന്തം പേരിലാക്കിയത്.

ഷോട്ട്പുട്ടിൽ ചൈനീസ് കരുത്ത്

വനിതകളുടെ ഷോട്ട്പുട്ടിൽ ചൈനയുടെ ഗോംഗ് ലിജിയാവോ 20.58 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കി.

Advertisement
Advertisement