ഗോൾഡൻ സ്വരേവ്

Monday 02 August 2021 1:52 AM IST

ടെന്നിസ് പുരുഷ സിംഗിൾസിൽ അലക്സാണ്ടർ സ്വരേവിന് സ്വർണം

ടോക്യോ: പുരുഷ ടെന്നിസ് സിംഗിൾസ് സ്വർണം ജർമ്മൻ യുവ സെൻസേഷൻ അലക്സാണ്ടർ സ്വരേവിന്. ഇന്നലെ നടന്ന ഫൈനലിൽ റഷ്യയുടെ കരേൻ ഖച്ചനോവിനെ വീഴ്‌ത്തിയാണ് സ്വരേവ് ചാമ്പ്യനായത്. ഗോൾഡൻ സ്ലാം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ വീഴ്ത്തിയ സ്വരേവ് ഫൈനലിൽ ഖച്ചനോവിനെ നേരിട്ടുള്ള സെറ്രുകളിൽ 6-3, 6-1ന് അനായാസം വീഴ്ത്തിയാണ് സ്വർണം സ്വന്തമാക്കിയത്. 79 മിനിട്ടിൽ സ്വരേവ് ഖച്ചനോവിന്റെ വെല്ലുവിളി അവസാനിപ്പിച്ചു.

1992ന് ശേഷം ഒളിമ്പിക്സ് ടെന്നിസിൽ സ്വർണം നേടുന്ന ആദ്യ ജർമ്മൻ താരമാണ് സ്വരേവ്. ഗ്രാൻഡ്സ്ലാം കിരീടങ്ങൾ കൈയെത്തും ദൂരെ നഷ്ടപ്പെട്ടിട്ടുള്ള സ്വരേവിന്റെ കരിയറിലെ ഏറ്രവും മികച്ച വിജയമാണിത്. ഒളിമ്പിക്സിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്വരേവ് ഫൈനലിലും ഫോം തുടരുകയായിരുന്നു. മറുവശത്ത് അട്ടിമറികളുമായെത്തിയ ഇരുപത്തിയഞ്ചുകാരനായ ഖച്ചനോവിന് പക്ഷേ സ്വരേവിന് മുന്നിൽ അടിതെറ്രുകയായിരുന്നു.

ഒളിമ്പിക്സ് ടെന്നിസ് സിംഗിൾസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ജർമ്മൻ താരമാണ് സ്വരേവ്.

1988ൽ സോളിൽ വനിതാ സിംഗിൾസിൽ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫ് ജർമ്മനിക്കായി സ്വർണം നേടിയിരുന്നു.

1992 ൽ ബോറിസ് ബെക്കർ - മിഖായേൽ സ്റ്റിക്ക് സഖ്യം പുരുഷ ഡബിൾസിലും ജർമ്മനിക്കായി സ്വർണം നേടിയിട്ടുണ്ട്.

Advertisement
Advertisement