കൊട്ടിയൂർ പീഡനക്കേസ്; മുൻ വൈദികന് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർക്കും, പ്രതി ഇരയെ വിവാഹം കഴിക്കുന്ന കാര്യം കോടതി പറയുംപോലെ

Monday 02 August 2021 10:28 AM IST

ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ. ഇളവ് നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതിയെ അറിയിക്കും. സർക്കാരിനുവേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ ഹാജരാകുമെന്നാണ് സൂചന.

ഇരയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംചേരിയുടെ ആവശ്യം. റോബിനെ വിവാഹം കഴിക്കണമെന്നും, നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഇരയും ഹർജി നൽകിയിരുന്നു. ഇരയുടെ ആവശ്യത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

റോബിൻ വടക്കുംചേരിയുടെയും ഇരയുടെയും വിവാഹത്തിന് സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ജയിലില്‍ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും സംസ്ഥാന സർക്കാർ കോടതിയില്‍ സ്വീകരിക്കുക. 2016ൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെയാണ് റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.