തുണിയുടെ നീളം കുറയ്ക്കുന്നതു മാത്രമല്ല കൂട്ടുന്നതും സ്ത്രീ സ്വാതന്ത്ര്യമാണ്, ഒളിമ്പിക്സിൽ പുതു ചരിത്രം രചിച്ച് ജർമൻ വനിതകൾ

Monday 02 August 2021 11:42 AM IST

ടോക്യോ: ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ വനിതകൾക്ക് നൽകുന്ന തുല്ല്യപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ് ടോക്യോ ഒളിമ്പിക്സ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മിക്ക രാജ്യങ്ങളും പുരുഷന്മാർക്ക് നൽകുന്ന അതേ പരിഗണന നൽകി തന്നെയാണ് സ്ത്രീകളെയും ഈ ഒളിമ്പിക്സിൽ പങ്കെടുപ്പിച്ചത്. എന്നാൽ മത്സരങ്ങളിൽ സ്ത്രീകൾക്ക് തുല്ല്യപങ്കാളിത്തം നൽകുന്നുവെന്ന് അവകാശപ്പെടുമ്പോഴും ചില കാര്യങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് ജർമനിയുടെ വനിതാ ജിംനാസ്റ്റിക്സ് താരങ്ങൾ. ജിംനാസ്റ്റിക്സിൽ പരമ്പരാഗതമായി സ്ത്രീകൾ അണിയുന്ന ബിക്കിനി വസ്ത്രങ്ങളോ ശരീരത്തോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സ്കിൻ ഫിറ്റ് വസ്ത്രങ്ങളോ ഉപയോഗിക്കാതെ തങ്ങൾക്ക് സൗകര്യപ്രദമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് മത്സരിക്കാൻ എത്തിയിരിക്കുകയാണ് ജർമൻ സംഘം.

ആഴ്ചകൾക്കു മുമ്പ് നോ‌‌ർവേയുടെ വനിതാ ബീച്ച് ഹാൻഡ് ബാൾ താരങ്ങൾ കൊളുത്തിവിട്ട തീയാണ് ഇപ്പോൾ ഒളിമ്പിക്സിലേക്കും പട‌ർന്നു പിടിച്ചിരിക്കുന്നത്. യൂറോപ്യൻ ബിച്ച് ഹാൻഡ്ബാൾ മത്സരത്തിൽ ബിക്കിനി വസ്ത്രം ഉപേക്ഷിച്ച് ഷോർട്സും അണിഞ്ഞാണ് നോർ‌വേയുടെ താരങ്ങൾ മത്സരത്തിനിറങ്ങിയത്. ഇതിനെതുടർ‌ന്ന് വൻ തുക ഫെഡറേഷൻ താരങ്ങൾക്കു പിഴ വിധിച്ചിരുന്നു. പിഴ ലഭിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് തങ്ങൾ ഷോ‌ർട്സ് ഇട്ട് കളിക്കാനിറങ്ങിയതെന്ന് താരങ്ങൾ പിന്നീട് പ്രതികരിച്ചു. ഇവർക്കു വേണ്ടി രംഗത്തു വന്ന നോർവേ ഹാൻഡ്ബാൾ ഫെഡറേഷൻ താരങ്ങൾക്കു പിന്തുണ നൽകുകയും പിഴ തങ്ങൾ അടയ്ക്കുമെന്ന് അറിയിക്കുകയുമായിരുന്നു.

താരങ്ങളെ ശ്രദ്ധാകേന്ദ്രം ആക്കേണ്ടത് അവർ അണിയുന്ന വസ്ത്രങ്ങൾ ആയിരിക്കരുത് മറിച്ച് അവരുടെ പ്രകടനങ്ങളായിരിക്കണമെന്ന അഭിപ്രായം ഇപ്പോൾ ശക്തമാകുന്നുണ്ട്. മത്സരങ്ങളിൽ പുരുഷന്മാർക്കുള്ള തുല്ല്യത നൽകിയതുകൊണ്ടു മാത്രമായില്ല മറിച്ച് വനിതാ കായികതാരങ്ങളെ പരിഗണിക്കേണ്ട വേരെ നിരവധി കാര്യങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിൽ നടക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.