കേരളത്തിൽ വാക്സിൻ ദൗർലഭ്യം, വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിന് വാക്സിൻ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ ആരോപിച്ചു. വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വാക്സീൻ വിതരണത്തിന് അങ്ങേയറ്റം ശുഷ്കാന്തി കാണിക്കുന്ന കേരളത്തിൽ വാക്സിൻ നൽകുന്നതിന് കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. വാക്സിന് കടുത്ത ദൗർലഭ്യമാണ് സംസ്ഥാനത്ത് നേരിടുന്നത്. കേരളത്തിൽ പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം തുടരുമ്പോഴും യു.ഡി.എഫും ബിജെപിയും അതിന് തുരങ്കം വെക്കുകയാണ്. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടതാണ്. ജൂലായിൽ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്സിനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാൻ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്ന് എ. വിജയരാഘവൻ ആരോപിച്ചു